മദനിയും ബിനീഷ് കോടിയേരിയും തടവിൽ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിൽ ക്രൈം ബ്രാഞ്ചിന്റെ പരിശോധന; മാരകായുധങ്ങളും മയക്കുമരുന്നകളും പിടിച്ചെടുത്തു

ബംഗളൂരു : ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ ക്രൈം ബ്രാഞ്ചിന്റെ മിന്നിൽ പരിശോധന. മാരകായുധങ്ങളും മയക്കുമരുന്നുമടക്കം നിരവധി വസ്തുക്കൾ പിടിച്ചെടുത്തു. ഇന്ന് രാവിലെ അഞ്ചോടെയാണ് ബംഗളൂരു സിറ്റി പോലീസും ക്രൈം ബ്രാഞ്ചുമുൾപ്പെടെയുള്ള സംഘം ജയിലിൽ എത്തി പരിശോധന നടത്തിയത്.

ജയിലിനുള്ളിൽ നിന്നും ഗുണ്ടാനേതാക്കൾ നിരവധി അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് എന്ന് അധികൃതർ അറിയിച്ചു. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടന്നിരുന്നു. അന്വേഷണത്തിൽ തടവുകാരിൽ നിന്നും മാരകായുധങ്ങൾ, കഞ്ചാവ്, സ്‌മോക്കിംഗ് പൈപ്പുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തതായി അധികൃതർ വ്യക്തമാക്കി.

തടവുകാർക്ക് ഇത്തരത്തിലുള്ള വസ്തുക്കൾ എവിടെ നിന്നുമാണ് ലഭിച്ചത് എന്ന് സംഘം അന്വേഷിച്ചുവരികയാണ്. ജയിൽ അധികൃതർക്ക് ഇതിൽ പങ്കുണ്ടോയെന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കർണാടകയിലെ ഏറ്റവും വലിയ സെൻട്രൽ ജയിലാണ് പരപ്പന അഗ്രഹാര.

നാൽപ്പത് ഏക്കർ വിസ്തൃതിയിൽ നീണ്ടുകിടക്കുന്ന ജയിലിൽ 4000 ത്തിൽ അധികം തടവുകാരാണ് ഉള്ളത്. ബംഗളൂരു സ്‌ഫോടനക്കേസിൽ അറസ്റ്റിലായ അബ്ദുൾ നാസർ മദനിയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയും പരപ്പന അഗ്രഹാരയിലാണ് ഉള്ളത്.