ഇന്ധന വിലവർധന പ്രതിഷേധത്തിനിടെ കാളവണ്ടി തകർന്നു; കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്ക്

മുംബൈ: ഇന്ധന വിലവർധനവിനെതിരായി പ്രതിഷേധിക്കുന്നതിനിടെ കാളവണ്ടി തകർന്ന് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്ക്. മുംബൈയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടു.

ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പ്ലക്കാർഡുകളും ഗ്യാസ് സിലിണ്ടറും അടക്കമുള്ളവയുമായി കാളവണ്ടിയിൽ കയറിനിന്നായിരുന്നു പ്രതിഷേധം. നേതാക്കളും പ്രവർത്തകരും അടക്കം ഇരുപതോളം പേർ കയറിയതോടെ കാളവണ്ടി തകരുകയായിരുന്നു.