ന്യൂഡെൽഹി: ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ ലഭിക്കുമെന്ന് സൂചന. കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങളിൽ പൂർണ തൃപ്തി ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധർ രേഖപ്പെടുത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ദരിദ്ര രാഷ്ട്രങ്ങളിലടക്കം കൊറോണ പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് നായക സ്ഥാനം വഹിക്കാനുള്ള അവസരമാണ് കൈവരുന്നത്.
കൊറോണയുടെ പുതിയ വകഭേദങ്ങൾക്കെതിരെയും ഫലപ്രദമായി പ്രതിരോധിക്കുവാനുള്ള ശേഷി ഇന്ത്യൻ നിർമ്മിത വാക്സിനുണ്ടെന്ന് നേരത്തേ തെളിഞ്ഞിരുന്നു. ഈ പരീക്ഷണങ്ങളിൽ ഉയർന്ന ഫലപ്രാപ്തിയാണ് കണ്ടെത്തിയത്. ഓഗസ്റ്റ് മാസത്തോടെ ലോകാരോഗ്യ സംഘടനയുടെ അന്തിമ അനുമതി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അടിയന്തര ഉപയോഗ അനുമതിയാണ് ഈ ഘട്ടത്തിൽ ലഭിക്കുക.
കഴിഞ്ഞ ആഴ്ചയാണ് ഭരത് ബയോടെക് കോവാക്സിൻ ഫേസ് 3 ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ടത്. കൊറോണയ്ക്കെതിരെ 77.8 ശതമാനം വരെ വാകസിൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. രാജ്യത്ത് രണ്ടാം കൊറോണ തരംഗത്തിന് കാരണമായ ഡെൽറ്റ വേരിയന്റിനെതിരെ കൊവാക്സിൻ 63.6 ശതമാനം ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്.
സമ്പന്ന രാഷ്ട്രങ്ങളിൽ വികസിപ്പിച്ച വാക്സിനുകൾ ഡെൽറ്റയെ നേരിടുന്നതിൽ പരാജയപ്പെട്ടപ്പോഴാണ് കൊവാക്സിൻ മുന്നിട്ട് നിൽക്കുന്നത്. ആഗോളതലത്തിൽ, ബ്രസീൽ, ഇന്ത്യ, ഫിലിപ്പൈൻസ്, ഇറാൻ, മെക്സിക്കോ എന്നിവയുൾപ്പെടെ 16 രാജ്യങ്ങളിൽ കൊവാക്സിന് ഇതിനകം അടിയന്തര ഉപയോഗ അംഗീകാരം ലഭിച്ചിട്ടുണ്ട്.
കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നതോടെ കൂടുതൽ രാജ്യങ്ങളിൽ ഈ വാക്സിൻ കയറ്റുമതി ചെയ്യാനാവും. ഇതിനു പുറമേ വിദേശ രാജ്യങ്ങളിലടക്കം വിവിധ കമ്പനികളുമായി കരാറിലേർപ്പെട്ട് വാക്സിൻ നിർമ്മിക്കുന്നതിനുള്ള അവസരവും ഭാരത് ബയോടെക്കിന് കൈവരും. കൊറോണ പ്രതിരോധത്തിനുള്ള മാർഗങ്ങൾ കുത്തകയാക്കി വയ്ക്കാതെ ഏവർക്കും ലഭ്യമാക്കുക എന്ന വിശാല നയമാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. വാക്സിൻ നൽകുന്നതിനായി തയ്യാറാക്കി കൊവിൻ പോർട്ടലിന്റെ സാങ്കേതിക വശത്തെ ഓപ്പൺ സോഴ്സാക്കി മാറ്റാൻ ഇന്ത്യ തീരുമാനിച്ചിരുന്നു