അനാവശ്യ പ്രസ്താവനകള്‍ അരുത്; പുതിയ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രിസഭാ പുഃനസംഘടന നടന്ന് ഒരു ദിവസം പിന്നിടുമ്പോള്‍ പുതിയ അംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രസ്താനകള്‍ നല്‍കുമ്പോള്‍ വളരെയധികം ശ്രദ്ധചെലുത്തണമെന്ന നിര്‍ദ്ദേശമാണ് പ്രധാനമന്ത്രി പുതിയ മന്ത്രിസഭാംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

മന്ത്രിസഭ പുഃനസംഘടനയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ യോഗത്തിലാണ് മന്ത്രിമാര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കിയത്. അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി മുന്‍ഗാമികളെ കണ്ട് പഠിക്കാനും പുതിയ അംഗങ്ങളോട് ആവശ്യപ്പെട്ടാതായാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ അംഗങ്ങള്‍ പരസ്പരം കൂടിക്കാഴ്ച നടത്താനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കാനും മോദി ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാരോട് കഴിവതും രാജ്യ തലസ്ഥാനത്ത് തന്നെ തുടരണമെന്നും തങ്ങളുടെ മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്ന പക്ഷം വിവാദ പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജൂലൈ 19 മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് തയ്യാറെടുക്കാന്‍ ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഈമാസം 19 നാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത്. ഓഗസ്റ്റ് 13 വരെ തുടരും. ജൂലൈ ഏഴിനാണ് രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.