രാഹുല്‍ ഗാന്ധി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ ! ; പുതിയ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ന്യൂഡെല്‍ഹി: ഡോ. ഹര്‍ഷവര്‍ധന് പകരക്കാരനായി കേന്ദ്ര ആരോഗ്യമന്ത്രിയായി എത്തിയ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായ മന്‍സൂഖ് മാണ്ഡവ്യയെ ട്രോളി സോഷ്യൽ മീഡിയ. അദ്ദേഹത്തിൻ്റെ പഴയ ട്വീറ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. മന്‍സുഖ് മണ്ഡവ്യ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന് പിന്നാലെയാണ് പഴയ ട്വീറ്റുകള്‍ ഉയർത്തി ട്രോളുകൾ പ്രത്യക്ഷപ്പെടുന്നത്.

ഇംഗ്ലീഷിലുള്ള തെറ്റായ പ്രയോഗങ്ങളോടെയുള്ള ചില ട്വീറ്റുകള്‍ ഉപയോഗിച്ചാണ് അദ്ദേഹത്തെ പലരും ട്രോളുന്നത്. രാഹുല്‍ ഗാന്ധി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനാണെന്നതടക്കമുള്ള അബദ്ധ ട്വീറ്റും ട്വിറ്ററില്‍ മായാതെ കിടക്കുന്നുണ്ട്. ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്ന് എഴുതുന്നതിന് പകരം അദ്ദേഹം ട്വീറ്റ് ചെയ്തത് മഹാത്മഗാന്ധിയായിരുന്നു ഞങ്ങളുടെ പിതാവിന്റെ രാഷ്ട്രമെന്നാണ്. ഇതേറ്റെടുത്ത ട്രോളന്‍മാര്‍ ആരോഗ്യ മന്ത്രി എന്നതിന് പകരം മന്ത്രിയുടെ ആരോഗ്യം എന്ന് കുറിച്ചു.