വ്യാജമദ്യം കുടിച്ച് പോത്തുകൾ പൂസായി; ഉടമകളായ കള്ള വാറ്റുകാർ കുടുങ്ങി

അഹമ്മദാബാദ്: വ്യാജമദ്യം കുടിച്ച് പോത്തുകൾ പൂസായതോടെ ഉടമകളായ കള്ള വാറ്റുകാർ കുടുങ്ങി. മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. മദ്യം അകത്തു ചെന്നതോടെ പോത്തുകൾ വിചിത്രമായി പെരുമാറാൻ തുടങ്ങി. ഇതോടെയാണ് ഉടമകളായ രണ്ട് കർഷകരുടെ അനധികൃത മദ്യ ശേഖരം പൊലീസ് കണ്ടെത്തിയത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.

പോത്തുകൾ അസാധാരണമായി പെരുമാറുകയും വായിൽ നിന്ന് നുരയും പതയും വരികയും ചെയ്തതോടെ കാര്യമറിയാതെ പ്രതികൾ മൃഗ ഡോക്ടറെ സമീപിക്കുകയായിരുന്നു. ഡോക്ടർ എത്തി പോത്തുകളെ പരിശോധിച്ചെങ്കിലും അസുഖമൊന്നും ഉള്ളതായി കണ്ടെത്താനായില്ല. തുടർന്ന് പോത്തുകൾ കഴിച്ച ഭക്ഷണവും കുടിവെള്ളവും പരിശോധിച്ചു.

വെള്ളത്തിന് പ്രത്യേക ഗന്ധവും നിറം മാറ്റവും കണ്ടതോടെയാണ് പോത്തുകൾ കുടിച്ച വെള്ളത്തിൽ മദ്യം കലർന്നിട്ടുള്ളതായി ഡോക്ടർക്ക് സംശയം തോന്നിയത്. തുടർന്ന് വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ ജല സംഭരണി പരിശോധിച്ചു. അപ്പോഴാണ് ജല സംഭരണിയിൽ കുപ്പികളിലാക്കി സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. വെള്ളത്തിൽ ഇറക്കിവെച്ചിരുന്ന കുപ്പികളിൽ ചിലത് പൊട്ടിയിരുന്നു. അതിൽനിന്നുള്ള മദ്യം കലർന്ന വെള്ളം കുടിച്ചാണ് പോത്തുകൾ പൂസായത്.

മദ്യ ശേഖരം കണ്ടെത്തിയതോടെ മൃഗ ഡോക്ടർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് 32,000 രൂപയോളം വിലവരുന്ന 100 കുപ്പി മദ്യം പിടിച്ചെടുത്തു.