ജമ്മു കാശ്മീരില്‍ മൂന്നിടത്ത് ഏറ്റുമുട്ടല്‍; സുരക്ഷാസേന അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മൂന്നിടങ്ങളിലായി ഭീകരരും സൈന്യവും ഏറ്റുമുട്ടി. പുല്‍വാമ, കുല്‍ഗാം ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചതായി ജമ്മുകാശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു.

കുല്‍ഗാം ജില്ലയിലെ സോദാറില്‍ ഭീകരരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശം വളഞ്ഞ് തെരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഭീകരര്‍ സൈനികര്‍ക്കു നേര്‍ക്ക് വെടിയുതിര്‍ത്തു. പ്രത്യാക്രമണം ആരംഭിച്ചതോടെ ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കറെ തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടെന്നാണ് വിവരം.

കൂടാതെ പുല്‍വാമയില്‍ നടന്ന മറ്റൊരു ഏറ്റമുട്ടലിലും രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഹന്ദ്വാരയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ മുതിര്‍ന്ന ഹിസ്ബുള്‍ കമാന്‍ഡറാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ നടന്ന വിവിധ ഓപ്പറേഷനുകളില്‍ ഇതുവരെ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.