നാല് മാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പ്രതിദിന കൊറോണ കേസുകള്‍ ഏറ്റവും കുറഞ്ഞ നിലയില്‍; 34,703 പേര്‍ക്ക് രോഗബാധ; മരണം 533

ന്യൂഡെല്‍ഹി: രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാല് മാസത്തിനിടെയിലെ
ഏറ്റവും കുറഞ്ഞ നിരക്കാണിത്.രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമത് കേരളമാണ്.

3,06,19,932 ആണ് ആകെ കൊറോണ ബാധിതരുടെ എണ്ണം. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 4,64,357 സജീവ കേസുകളാണ് നിലവിലുള്ളത്. 2,97,52,294 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 51,864 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. മരണ നിരക്കിലും കാര്യമായ കുറവ് ഉള്ളത് ആശ്വസകരമാണ്. 553 മരണമാണ് ഇന്നലെ കൊറോണ മൂലം ഉണ്ടായത്. ഇതോടെ രാജ്യത്തെ ആകെ മരണ നിരക്ക് 4.03 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 97.17 ശതമാനമാണ്.

അതേസമയം രാജ്യത്ത് ഇന്നലെ ഒരു സംസ്ഥാനത്തും പതിനായിരത്തിന് മുകളില്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 6,740 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.35.75 കോടി വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.