ന്യൂഡെൽഹി: മോദി സർക്കാരിന്റെ മന്ത്രിസഭാ പുന:സംഘടന നാളെ ഉണ്ടാകുമെന്ന് സൂചന. പുതിയ മന്ത്രിമാരുടെ പട്ടിക ഉടൻ പുറത്തുവിടും. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് രണ്ട് വര്‍ഷം പിന്നിടുന്ന ഘട്ടത്തിലാണ് മന്ത്രിസഭാ പുനസംഘടിപ്പിക്കുന്നത്. മന്ത്രിസഭാ അഴിച്ചുപണിക്ക് മുന്നോടിയായി കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവർചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറായി നിയമിച്ചു. കേരളത്തിൽ നിന്ന് പ്രാതിനിധ്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കളിൽ ചിലരെങ്കിലും.
അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബംഗാൾ എം പിമാരായ ശാന്തനു ഠാക്കൂർ, നിസിത് പ്രമാണിക്, ജെ ഡി യു നേതാവ് ആർ സി പി സിംഗ് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി എന്നിവർ മന്ത്രിസ്ഥാനം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുത്ത് ഇവരിൽ പലരും ഡെൽഹിയിലെത്തി.
ഇന്ന് വൈകുന്നേരത്തോടെ ജ്യോതിരാദിത്യ സിന്ധ്യ തലസ്ഥാനത്തെത്തും. മഹാരാഷ്ട്രയിലെ ബിജെപി നേതാവും എം പിയുമായ നാരായൺ റാണെയും ഡെൽഹിയിലെത്തിയിട്ടുണ്ട്. ഇദ്ദേഹവും മോദി മന്ത്രിസഭയിൽ അംഗമായേക്കും. കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേക്കേറിയ നേതാവാണ് കൊങ്കൺ മേഖലയിൽ നിന്നുള്ള നാരായൺ റാണെ.
2024 ലെ പൊതുതിരഞ്ഞെടുപ്പും അതിന് മുൻപ് നടക്കേണ്ട യുപി നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുകൊണ്ടാകും അഴിച്ചുപണിയെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഉത്തർപ്രദേശിൽ നിന്ന് ആറ് മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം.
അതേസമയം കേരളത്തിൽ നിന്ന് ഇത്തവണ പ്രാതിനിധ്യം ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് സംസ്ഥാനം. കേന്ദ്രമന്ത്രി സ്ഥാനത്തേയ്ക്ക് കേരളത്തിൽ നിന്നും ആരുടേയും പേര് ഉയർന്നുവരാത്ത സാഹചര്യത്തിൽ വി.മുരളീധരൻ കേന്ദ്രമന്ത്രിയായി തുടരുമോ എന്നും ചോദ്യം ഉയരുന്നുണ്ട്.
കൊറോണ രണ്ടാം തരംഗം കൈകാര്യം ചെയ്തതിലെ പോരായ്മ മറികടക്കാനും പുനസംഘടന കൊണ്ട് ലക്ഷ്യമിടുന്നു. ഇത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചേക്കാം. ഉത്തര്‍ പ്രദേശില്‍ ബിജെപിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. കൊറോണ രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് പാര്‍ട്ടി നേതാക്കളില്‍ ഒരു വിഭാഗം യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. അതിനാല്‍ ഇതും പുനസംഘടനയില്‍ പരിഗണിക്കുമെന്നാണ് കരുതുന്നത്.
നിലവില്‍ 53 മന്ത്രിമാരുള്ള സഭയില്‍ 81 അംഗങ്ങളെ വരെയാകാം. അതിനാല്‍ കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.