മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ മാവോവാദി ബന്ധം ചുമത്തി എന്‍ ഐ എ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ക്രൈസ്തവ പുരോഹിതനുമായ ഫാ.സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയ ഫാ.സ്റ്റാന്‍ സ്വാമിക്ക് ഓക്സിജന്‍ നില താഴ്ന്നതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടതായി അദ്ദേഹത്തിന്റെ അഭിഭാഷകന് മിഹിര്‍ ദേശായി പറഞ്ഞു. ഹൈകോടതി ഉത്തരവിനെ തുടർന്ന് മേയ് 30നാണ് ചികിത്സക്കായി സ്വാമിയെ സ്വന്തം ചെലവിൽ തലോജ ജയിലിൽ നിന്ന് ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്കു മാറ്റിയത്.
തനിക്ക് ജാമ്യം തരുന്നില്ലെങ്കിൽ ആശുപത്രിയിലേക്കു മാറ്റേണ്ടെന്നും ജയിലിൽ കിടന്ന് മരിക്കാമെന്നും ജയിലിലായിരിക്കെ വിഡിയോ കോൺഫറൻസ് വഴി സ്റ്റാൻ സ്വാമി ഹൈകോടതി ജഡ്ജിയോടു പറഞ്ഞിരുന്നു. അഭിഭാഷകൻ ഇടപെട്ടതോടെയാണ് ആശുപത്രിയിലേക്കു മാറാൻ അദ്ദേഹം സമ്മതിച്ചത്. അതിനിടെ കഴിഞ്ഞ മാസം കോവിഡ് ബാധിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണ് അദ്ദേഹത്തെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. അന്നു മുതൽ തന്റെ ശേഷികൾ ഒാരോന്നായി നഷ്ടപ്പെടുന്നതായും പരസഹായമില്ലാതെ ഒന്നിനും കഴിയുന്നില്ലെന്നും സ്റ്റാൻ സ്വാമി കോടതിയോട് പറഞ്ഞിരുന്നു. വയോധികനും രോഗിയുമായ അദ്ദേഹത്തിന് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങളും ജാമ്യവും അടിയന്തരമായി നൽകണമെന്ന് ജനകീയ സമിതികളുടെയും ആക്ടിവിസ്റ്റുകളുടെയും കൂട്ടായ്മയായ ഝാർഖണ്ഡ് ജനാധികാർ മഹാസഭ ആവശ്യപ്പെട്ടിരുന്നു.
2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവില്‍ ദലിത് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്ന് ആരോപിച്ചാണ് ഫാ. സ്റ്റാൻ സ്വാമി, സുധീര്‍ ധാവ്ല, ഷോമ സെന്‍, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, ഗൗതം നവ്ലാഖ, വരവര റാവു, പ്രഫ. സായിബാബ, ഫാ.സ്റ്റാൻ സാമി, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്ലിങ് അടക്കമുള്ള സാമൂഹിക പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.