പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു. 84 വയസ്സായിരുന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് അദ്ദേഹം അന്തരിച്ചത്. ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അന്ത്യം.

ഫാ. സ്റ്റാന്‍ സ്വാമിയുടെ വക്കീലാണ് മരണവിവരം ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകനും ക്രൈസ്തവ പുരോഹിതനുമായ ഫാ.സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് അന്ത്യം. കടുത്ത ശ്വാസ തടസത്തേയും ഓക്‌സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കൊറോണാനന്തര ചികിത്സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മേയ് 30 നായിരുന്നു ചികിത്സയ്ക്കായി അദ്ദേഹത്തെ തലോജ ജയിലില്‍ നിന്ന് ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റിയത്. തടവിലാക്കപ്പെട്ട സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസും നല്‍കിയിരുന്നു.

തനിക്ക് ജാമ്യം തരുന്നില്ലെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നും ജയിലില്‍ കിടന്ന് മരിക്കാമെന്നും ജയിലിലായിരിക്കെ സ്വാമി വിഡീയോ കോണ്‍ഫറസ് വഴി ഹൈക്കോടതി ജഡ്ജിയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് അഭിഭാഷകന്‍ ഇടപെട്ടതോടെയാണ് അദ്ദേഹം ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറായത്.

കിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ തന്റെ ശേഷികള്‍ ഓരോന്നായി നഷ്ടപ്പെടുന്നതായും പരസഹായമില്ലാതെ ഒന്നിനും കഴിയില്ലെന്നും സ്റ്റാന്‍ സ്വാമി കോടതിയെ അറിയിച്ചിരുന്നു.

2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവില്‍ ദലിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്ന് ആരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്.