ഇന്ത്യയിലേക്ക് എത്തിക്കുന്ന മൃഗങ്ങള്‍ക്കും ഇനി കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം

ചെന്നൈ: വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് മൃഗങ്ങളെ എത്തിക്കാന്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പൂച്ച, സിംഹം, പുള്ളിപ്പുലി ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വിദേശത്തുനിന്ന് എത്തിക്കുകയാണെങ്കില്‍ കൊറോണ പരിശോധന നടത്തണമെന്ന് കേന്ദ്ര ധനമന്ത്രാലയം കസ്റ്റംസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജൂണ്‍ 30നാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.

യാത്രയ്ക്ക് മുന്‍പ് മൂന്ന് ദിവസത്തിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. രാജ്യത്ത് കൊറോണ വ്യാപനം നിലനില്‍ക്കുന്നിടത്തോളം കാലം നിയമം പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞമാസം ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ കൊറോണ ബാധിച്ച് രണ്ട് സിംഹങ്ങള്‍ ചത്തിരുന്നു. ഒമ്പത് സിംഹങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പുതിയ ഉത്തരവ് ഏറെ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.