ജമ്മു കശ്മീരിലെ വിമാനത്താവള ആക്രമണത്തിന് പിന്നിൽ ചൈനയും പാകിസ്താനും

ശ്രീനഗർ : ജമ്മു കശ്മീരിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ചൈനയും പാകിസ്താനുമെന്ന് വ്യക്തമായി. ഡ്രോണുകൾ വർഷിച്ച ഐഇഡികൾ നിർമ്മിച്ചിരിക്കുന്നത് ആർഡിഎക്‌സും, നൈട്രേറ്റുമുപയോഗിച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇന്ത്യയിൽ ലഭ്യമല്ലാത്ത ആർഡിഎക്‌സിന്റെ പ്രധാന നിർമ്മാതാക്കൾ പാകിസ്താനാണ്.

ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് ആർഡിഎക്‌സും നൈട്രേറ്റുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവ സ്ഥലത്തു നിന്നും സ്‌ഫോടക വസ്തുവിന്റെ സാമ്പിളുകൾ സംഘം ശേഖരിച്ചിരുന്നു. ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതിന് പിന്നാലെയാണ് നിർണായക വെളിപ്പെടുത്തൽ.

ഐഇഡികളാണ് ഡ്രോണുകൾ വർഷിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. രണ്ട് ഐഇഡികളാണ് വർഷിച്ചത്. ഇതിൽ ഒരെണ്ണം വലുതും, മറ്റേത് ചെറുതുമാണ്. ഇതിൽ വലിയ ഐഇഡി വ്യോമസേന ഹെലികോപ്റ്ററുകൾ ലക്ഷ്യമിട്ടും, ചെറുത് വ്യോമസേനയെ ലക്ഷ്യമിട്ടുമാണ് പ്രയോഗിച്ചിരിക്കുന്നത്.

ജിപിഎസ് ഡ്രോണുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഈ ഡ്രോണുകൾ ചൈനീസ് നിർമ്മിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്.