ഇന്ത്യയിൽ കൊറോണ രണ്ടാം തരംഗം കെട്ടടങ്ങുമ്പോഴും ആശങ്കയായി കേരളത്തിലെ പ്രതിദിന കണക്കുകൾ

ന്യൂഡെൽഹി: കൊറോണ രണ്ടാംതരംഗം ക്രമേണ കെട്ടടങ്ങുന്നതിന്റെ വലിയ ആശ്വാസത്തിലാണ് രാജ്യം. എന്നാൽ കേരളത്തിൽ മാത്രമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. നിയന്ത്രണങ്ങൾ ഏറെ കടുപ്പിച്ചതിനു ശേഷവും തുടർച്ചയായി ദിവസേന പതിനായിരത്തിനു മുകളിലാണ് രോഗബാധിതരുടെ സംഖ്യ. ചൊവ്വാഴ്ച സ്ഥിതിഗതികൾ വിലയിരുത്തിയ വിദഗ്ദ്ധരുടെ അവലോകന സമിതി ഇപ്പോഴത്തെ നിയന്ത്രണങ്ങളിൽ ഒരുവിധ ഇളവുകളും വേണ്ടെന്നാണ് സർക്കാരിനു ശുപാർശ നൽകിയത്.

ശനി, ഞായർ ദിവസങ്ങളിലെ പൂർണ ലോക്ക് ഡൗൺ ഉൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും തുടരാനാണു തീരുമാനം. രോഗവ്യാപന നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കും. പുതുക്കിയ മാനദണ്ഡ പ്രകാരമാകും ഓരോ പ്രദേശത്തുമുള്ള നിയന്ത്രണങ്ങൾ. രോഗവ്യാപനം ആറ് ശതമാനത്തിൽ കുറഞ്ഞ ഇടങ്ങൾ സംസ്ഥാനത്ത് 165 മാത്രമാണെന്ന യാഥാർത്ഥ്യം മുമ്പിലുള്ളപ്പോൾ കൂടുതൽ ജാഗ്രതയും കരുതലും കർക്കശമായി പാലിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമാകും.

നിയന്ത്രണങ്ങൾ മറികടന്ന് ബിവറേജ് ഔട്ട്ലെറ്റുകളിൽ വൻ ആൾക്കൂട്ടമാണ്. ഇത് ആരും നിയന്ത്രിക്കുന്നില്ല. കണ്ട ഭാവം നടിക്കുന്നുമില്ല. എന്നിട്ട് കരുതലിനെപ്പറ്റി വാ തോരാതെ ആഹ്വാനവും. പൊതുസ്ഥലങ്ങളിലും കടകമ്പോളങ്ങളിലും കൂട്ടം കൂടുന്നതും കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും രോഗവ്യാപനം തടഞ്ഞുനിറുത്തുന്നതിന് തടസമാകുന്നുണ്ട്. വീടുകളാണ് ഇപ്പോൾ കൂടുതൽ രോഗവ്യാപന കേന്ദ്രങ്ങളാകുന്നതെന്നാണ് ഔദ്യോഗിക കണ്ടെത്തൽ.

സംസ്ഥാനത്ത് ഇളവുകൾ വ്യാപകമായി ദുരപയോഗം ചെയ്യപ്പെടുകയാണ്. കുറെ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതൊഴിച്ചാൽ ഇപ്പോഴത്തെ തിരക്ക് ലോക്ഡൗണിന് മുമ്പത്തെ സ്ഥിതിയിലെത്തിയെന്ന അഭിപ്രായം ശക്തമാണ്. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെല്ലാം ഇവിടത്തെക്കാൾ എത്രയോ അധികമായിരുന്നു രോഗവ്യാപനം. കർക്കശ നിയന്ത്രണങ്ങൾ സ്വീകരിച്ചതിന്റെ ഫലമായി ഇവിടങ്ങളിലെല്ലാം പുതിയ രോഗികളുടെ എണ്ണം വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

സർക്കാർ നടപടിക്കൊപ്പം ജനങ്ങൾ പൂർണമായി സഹകരിച്ചാലേ കൊറോണ വ്യാപനം കുറയ്ക്കാനാകൂ. നിയന്ത്രണങ്ങൾ ഊർജ്ജിതമായി നടപ്പാക്കുന്നതിനൊപ്പം തന്നെ പ്രതിരോധ കുത്തിവയ്‌പിന്റെ വേഗതയും ഗണ്യമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഇതിനകം നാല്പതുശതമാനം പേർക്കേ ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുള്ളൂ. രണ്ട് ഡോസും കിട്ടിയതാകട്ടെ കേവലം പന്ത്രണ്ടു ശതമാനം പേർക്ക്.

വാക്സിൻ വിതരണം ഇപ്പോഴത്തേതിൻ്റെ പലമടങ്ങ് വേഗത്തിലായാലേ ഡിസംബറോടെ എല്ലാവർക്കും ഒരു ഡോസ് എന്ന ലക്ഷ്യമെങ്കിലും പൂർത്തീകരിക്കാനാവൂ. വാക്സിൻ ലഭ്യത കൂടുതൽ സുഗമമായിക്കൊണ്ടിരിക്കുകയാണ്. പതിനെട്ടു കഴിഞ്ഞ മുഴുവൻ പേർക്കും ഡിസംബറോടെ ഒരു ഡോസ് കുത്തിവയ്പു പൂർത്തിയാക്കുകയാണ് ലക്ഷ്യം. അതിനായുള്ള മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ജൂലായ് അവസാനം വരെ നിലവിലെ കൊറോണ നിയന്ത്രണങ്ങൾ തുടരണമെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.