ഡെൽഹിയിലെ അഭയകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പെൺകുട്ടികളെ കണ്ടെത്താനാകാതെ പോലീസ്

ന്യൂഡെൽഹി ; അഭയകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പെൺകുട്ടികളെ കണ്ടെത്താനാകാതെ പോലീസ് . ജിബി റോഡ് ചുവന്ന തെരുവിൽ നിന്ന് പോലീസ് രക്ഷപ്പെടുത്തി ഡെൽഹി ദ്വാരകയിലെ അഭയകേന്ദ്രത്തിൽ എത്തിച്ച പത്ത് പെൺകുട്ടികളാണ് ചാടിപ്പോയത്. 17-26നും ഇടയിലുള്ള പെൺകുട്ടികളെ മാർച്ച് 19നാണ് പോലീസ് രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിലാക്കിയത്.

മെയ് 24 ന് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഷെൽട്ടർ ഹോമിൽ നിന്ന് എക്‌സ്‌ഹോസ്റ്റ് ഫാൻ ഇളക്കി മാറ്റിയ ദ്വാരം വഴിയാണ് 12 പേർ രക്ഷപെടാൻ ശ്രമിച്ചത് . 2 പേർ പരിക്കേറ്റതോടെ ഉദ്യമത്തിൽ നിന്ന് പിന്മാറി. ആരുടെയും സമ്മർദത്തിന് വഴങ്ങിയിട്ടില്ലെന്നും അഭയകേന്ദ്രത്തിൽ താമസിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും പരിക്കേറ്റ പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു.

സംഭവത്തിൽ ദ്വാരക പോലീസ് സ്റ്റേഷനിൽ ഐപിസി സെക്ഷൻ 363 പ്രകാരം തട്ടിക്കൊണ്ടുപോകലിനായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്രത്തിൽ പരസ്യവും നൽകിയിട്ടുണ്ട് . ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. എന്നാൽ ഇതുവരെയും ഇവരെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.