റഫേല്‍ ഇടപാടില്‍ അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച് സര്‍ക്കാര്‍

പാരിസ്: ഇന്ത്യയുമായി നടത്തിയ റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച് സര്‍ക്കാര്‍. കരാറുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ വിശദമായി പരിശോധിക്കാനാണ് ഫ്രഞ്ച് സര്‍ക്കാറിന്റെ തീരുമാനം.

ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇതിനായി പ്രത്യേക ജഡ്ജിയെ നിയമിച്ചിട്ടുണ്ട്. 56000 കോടി രൂപയ്ക്ക് 36 യുദ്ധ വിമാനങ്ങള്‍ വാങ്ങിയതിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്.

2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശന വേളയിലാണ് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായുള്ള പ്രഖ്യാപനം ഉണ്ടായത്. പിന്നീട് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2016 സെപ്റ്റംബറില്‍ റാഫേല്‍ യുദ്ധ വിമാന കരാറില്‍ ഒപ്പുവച്ചു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആ കരാറില്‍ ചില ഭേദഗതികള്‍ വരുത്തി.

126 വിമാനങ്ങൾ വാങ്ങാനിരുന്നത് പിന്നീട് 36 വിമാനങ്ങളാക്കി. ഈ 36 വിമാനങ്ങളും ഫ്രാന്‍സില്‍ നിന്ന് വാങ്ങാനായിരുന്നു തീരുമാനം. പക്ഷേ ഈ കരാറില്‍ സാങ്കേതിക വിദ്യാ കൈമാറ്റം ഇല്ല. തുടര്‍ന്ന് കരാറില്‍ അഴിമതി നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിമാനങ്ങള്‍ക്ക് 526 കോടി രീപ വീതം നല്‍കാനായിരുന്നു നീക്കം. എന്നാല്‍ ഇത് 1670 കോടിയായി ഉയര്‍ത്തി.

സാങ്കേതിക വിദ്യയടക്കം കൈമാറുന്നതിന് നേരത്തെ കരാര്‍ ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഉയര്‍ന്ന വിലയ്ക്ക് വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ സാങ്കേതിക കൈമാറ്റം നടന്നില്ലെന്നതും ആരോപണമായി. ഇന്ത്യയില്‍ ക്രമക്കേട് സംബന്ധിച്ച അന്വേഷണം നടന്നെങ്കിലും തെററായി ഒന്നും കണ്ടെത്തിയിരുന്നില്ല.