കൊച്ചി: ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് അന്വേഷണത്തിന് സ്‌റ്റേ ഇല്ല. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. അതിനാൽ ഇപ്പോൾ കേസ് റദ്ദാക്കാനാവില്ല. അന്വേഷണത്തിന് കൂടുതൽ സമയം നൽകണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
അന്വേഷണം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷദ്വീപ് സ്വദേശിയായ ആയിഷ സുൽത്താന കോടതിയെ സമീപിച്ചത്. കേസിന്റെ അന്വേഷണ പുരോഗതി രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ ലക്ഷദ്വീപ് പൊലീസിന് ഹൈക്കോടതി നിർദേശം നൽകി.
ഹർജിയെ എതിർത്ത ലക്ഷദ്വീപ് ഭരണകൂടം, ഹർജി തള്ളണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. നേരത്തെ ആയിഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട്, രാജ്യദ്രോഹക്കേസ് നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.