ന്യൂഡെൽഹി: അലോപ്പതി ചികിത്സയെ വിമർശിച്ചു നടത്തിയ പ്രസംഗത്തിന്റെ മുഴുവൻ ശബ്ദരേഖകളും ഹാജരാക്കാൻ യോഗാ ഗുരു ബാബ രാംദേവിനോട് സുപ്രീംകോടതി. തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ഐഎംഎ. നൽകിയ പരാതികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും കേസുകളിലെ നടപടികൾ ഡെൽഹിയിലേക്ക് മാറ്റണമെന്നുമുള്ള തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച രാംദേവിന്റെ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
രാംദേവിനായി മുതിർന്ന അഭിഭാഷകൻ മുഗൾ റോഹ്ത്തഗിയാണ് ഹാജരായത്. രാംദേവ് അലോപ്പതിയ്ക്ക് എതിരല്ലെന്നും യോഗ ആയുർവേദ എന്നിവയുടെ പ്രശസ്തനായ പ്രചാരകനാണെന്നും റോഹ്ത്തഗി പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് രാംദേവിന് എതിരെ പട്ന, റായ്പൂർ എന്നിവിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ അലോപ്പതിക്ക് എതിരെ വ്യാജ പ്രചാരണം നടത്തുന്നു എന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരും, ഇന്ത്യൻ കൗണ്സിൽ ഒഫ് മെഡിക്കൽ റിസേർച്ചും അംഗീകരിച്ച മരുന്നുകൾ കൊറോണ ചികിത്സയ്ക്ക് ഫലപ്രദം അല്ലെന്നാണ് രാംദേവ് ആരോപിച്ചത്.
ഓക്സിജൻ ലഭിക്കാതെ മരിച്ചവരെക്കാൾ കൂടുതൽ പേർക്ക് അലോപ്പതി മരുന്നുകൾ കഴിച്ചതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട് എന്നും രാംദേവ് ആരോപിച്ചിരുന്നു. രണ്ട് ഡോസ് വാക്സിൻ ലഭിച്ച ശേഷവും പതിനായിരത്തോളം ഡോക്ടർമാർ മരിച്ചതായും രാംദേവ് ആരോപിച്ചിരുന്നു.