ജമ്മുവിലെ ഡ്രോൺ അക്രമണം: രജൗരിയിൽ ഡ്രോണുകളുടെ സംഭരണം, വിൽപന, ഉപയോഗം എന്നിവക്ക്​ വിലക്ക്​

ജമ്മു: ഡ്രോൺ ഉപയോഗിച്ച്‌​ ജമ്മുവിലെ വ്യോമസേന കേന്ദ്രത്തിൽ ഭീകരർ ആക്രമണം നടത്തിയതിനെ തുടർന്ന്​ മേഖലയിൽ സുരക്ഷ ശക്തമാക്കി. അതിർത്തി ജില്ലയായ രജൗരിയിൽ ഡ്രോൺ ഉൾപ്പെടെയുള്ള വിദൂര നിയന്ത്രിത പറക്കും പേടകങ്ങൾക്ക്​​ വിലക്കേർപ്പെടുത്തി.ഇവയുടെ സംഭരണം, വിൽപന, ഉപയോഗം എന്നിവക്കാണ്​ ജില്ല ഭരണകൂടം നിരോധനമേർപ്പെടുത്തിയത്​.

സർക്കാർ ഏജൻസികൾ സർവേക്കും മറ്റ്​ ആവശ്യങ്ങൾക്കും ഡ്രോണുകൾ ഉപയോഗിക്കുന്നതിന്​ മുമ്പ്​ സമീപത്തെ പൊലീസ്​സ്​റ്റേഷനിൽ അറിയിക്കണം. ഡ്രോണുകൾ കൈവശമുള്ളവർ അടുത്തുള്ള പൊലീസ്​ സ്​റ്റേഷനിൽ ഏൽപിക്കണമെന്ന്​ രജൗരി ജില്ല മജിസ്​ട്രേറ്റ്​ രാജേഷ്​ കുമാർ ശവൻ അറിയിച്ചു.

അതെ സമയം ജമ്മുവിൽ സൈനിക മേഖലക്ക് സമീപം വീണ്ടും ഡ്രോൺ കണ്ടെത്തി. തുടർച്ചയായ നാലാംദിവസമാണ് ഡ്രോണുകൾ കണ്ടെത്തുന്നത്. ഇതോടെ മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്​.