ഇന്ത്യയുടെ കോവാക്സിൻ; ആൽഫ , ഡെൽറ്റ വകഭേദങ്ങൾക്കെതിരേയും മികച്ച ഫലപ്രാപ്തിയെന്ന് അമേരിക്ക

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവാക്സിൻ കൊറോണ വകഭേദങ്ങളായ ആൽഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് പഠനം. അമേരിക്കൻ നാഷണൽ ഇൻസ്റ്റിയൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്‌) നടത്തിയ പഠനത്തിനാണ് മികച്ച ഫലപ്രാപ്തി കണ്ടെത്തിയത്.

അതേസമയം, ലോകാരോഗ്യ സംഘടന ഇനിയും അംഗീകാരം നൽകാത്ത കൊവാക്സിന് ഇപ്പോഴത്തെ ഈ അംഗീകാരം മുതൽക്കൂട്ടാകും. യുഎസ് ആരോഗ്യ മനുഷ്യ സേവന വകുപ്പിന്റെ ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്‌) ആണ് കൊവാക്സിൻ നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ച്‌ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇത് ഭാവിയിൽ കൊവാക്സിനെ ലോകത്തിൽ സ്വീകാര്യത നേടാൻ സഹായിച്ചേക്കും.

കൊവാക്സിന് പാർശ്വഫലങ്ങൾ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഐ സി എംആർ, എൻ ഐവി എന്നിവയുമായി സഹകരിച്ച്‌ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവാക്സിൻ. കൊറോണ രോഗങ്ങളുടെ വ്യതിയാനങ്ങൾക്കെതിരെയും 78 ശതമാനത്തോളം ഫലപ്രദമാണിതെന്ന് മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.