ഇന്ത്യയിലേക്ക് മൊഡേണ വാക്‌സിനും; സിപ്ലക്കും അനുമതി ലഭിച്ചേക്കും

ന്യൂഡെൽഹി: രാജ്യത്ത് 18 ന് മുകളിലുള്ളവർക്ക് അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി തേടി മൊഡേണ കൊറോണ വാക്‌സിൻ. മരുന്ന് നിർമാണ കമ്പനിയായ സിപ്ലയാണ് മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിതരണം ചെയ്യാനുള്ള അനുമതി തേടിയത്. അതേസമയം, ഇന്നുതന്നെ ഡിസിജിഐ ഇതിന് അനുമതി നൽകിയേക്കുമെന്നാണ് സൂചന.

മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള അനുമതി തിങ്കളാഴ്ചയാണ് കമ്പനി തേടിയതെന്ന് സിപ്ല അധികൃതർ അറയിച്ചു. ഫൈസർ വാക്‌സിനൊപ്പം മൊഡേണയുടെ വാക്‌സിനും ആഗോളതലത്തിൽ വലിയ തോതിൽ സ്വീകാര്യത ലഭിച്ച കൊറോണ വാക്‌സിനാണ്.

മൊഡേണ 90 ശതമാനത്തോളം രോഗപ്രതിരോധ ശേഷി നൽകുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കയിൽ 12 കോടിയോളം പേർക്കും ഫൈസർ, മൊഡേണ വാക്‌സിനുകളാണ് വിതരണം ചെയ്തത്. എന്നാൽ കാര്യമായ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.