പൂനെ: സ്പോർട്സ് കോംപ്ലെക്സിൽ കായികതാരങ്ങൾക്കായുളള റെയ്സ് ട്രാക്കിൽ വിഐപി വാഹനങ്ങൾ പാർക്ക് ചെയ്ത സംഭവത്തിൽ വിമർശനവുമായി കേന്ദ്ര കായിക മന്ത്രി കിരൺ റിജിജ്ജു. പൂനെയിലെ ശിവ ഛത്രപതി സ്പോർട്സ് കോംപ്ലെക്സിലാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മുൻ പ്രസിഡന്റും എൻസിപി നേതാവുമായ ശരദ് പവാറിന്റെ ഉൾപ്പെടെ വാഹനം ട്രാക്കിൽ പാർക്ക് ചെയ്തത്.
രാജ്യത്തിന് പരിമിതമായ കായിക പരിശീലന സൗകര്യങ്ങളാണ് ഉളളതെന്നും സ്പോർട്സ് സെന്ററുകൾ നല്ല രീതിയിൽ പരിപാലിക്കേണ്ടതുണ്ടെന്നും കിരൺ റിജിജ്ജു പറഞ്ഞു. മാദ്ധ്യമങ്ങളിൽ ചിത്രം സഹിതം വാർത്ത വന്നതോടെ നേതാക്കൾക്കെതിരേ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നിരുന്നു.
ശരദ് പവാറിനൊപ്പം കോൺഗ്രസ് നേതാവും മഹാരാഷ്ട്ര കായിക മന്ത്രിയുമായ സുനിൽ കേദാർ, എൻസിപി നേതാവും മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയുമായ അതിഥി താത്ക്കറെ ഉൾപ്പെടെയുളള മന്ത്രിമാരുടെയും വാഹനങ്ങളാണ് റെയ്സ് ട്രാക്കിൽ നിരത്തി പാർക്ക് ചെയ്തത്. ഒരു യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. പതിനഞ്ചോളം വാഹനങ്ങളാണ് ട്രാക്കിൽ കിടന്നത്.
സംഭവത്തിൽ മാപ്പ് പറഞ്ഞ് പൂനെ ജില്ലാ ഇൻഫർമേഷൻ ഓഫീസർ വാർത്താക്കുറിപ്പ് ഇറക്കിയെങ്കിലും അതും വിവാദമായിരുന്നു. ഒരു വാഹനത്തിന് ട്രാക്കിനോട് ചേർന്നുളള സിമന്റ് റോഡിൽ പാർക്ക് ചെയ്യാൻ അനുമതി നൽകിയിരുന്നുവെന്നും പിന്നാലെ മറ്റ് വാഹനങ്ങളും ഇവിടേക്ക് എത്തുകയായിരുന്നുവെന്നുമായിരുന്നു വിശദീകരണം.
ശരദ് പവാറിന് കാലിന് പ്രശ്നങ്ങൾ ഉളളതിനാൽ അദ്ദേഹത്തിന്റെ വാഹനം മാത്രം ട്രാക്കിന് സമീപം പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്നുവെന്ന് മഹാരാഷ്ട്ര സ്പോർട്സ് കമ്മീഷണർ ഓം പ്രകാശ് ബകോരിയ വിശദീകരിച്ചു. സംഭവത്തിൽ ക്ഷമാപണം നടത്തുന്നതായും ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ബകോരിയ പറഞ്ഞു.
എന്നാൽ എലവേറ്ററുകൾ ഉണ്ടായിരുന്നെങ്കിലും ഇത് ഉപയോഗിക്കാൻ കൂട്ടാക്കാതെയാണ് മന്ത്രിമാരുടെ വാഹനങ്ങൾ ട്രാക്കിലേക്ക് കൊണ്ടിട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. യോഗം നടന്ന രണ്ടാം നിലയിലേക്ക് ഇവർക്ക് എളുപ്പത്തിൽ കയറാനാണ് വാഹനങ്ങൾ ഇവിടേക്ക് കൊണ്ടുവന്നത്.