വാട്‌സ്ആപ്പ് നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: വാട്‌സ്ആപ്പ് നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് ചട്ടത്തിന് രൂപം നൽകിയ സാഹചര്യത്തിൽ ഹർജിക്ക് പ്രസക്തിയില്ലെന്ന കേന്ദ്രസർക്കാർ വാദം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നടപടി.

കേന്ദ്രസർക്കാരിന്റെ ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്‌സ്ആപ്പ് നിരോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ സമൂഹമാദ്ധ്യമങ്ങളെ ഒന്നടങ്കം നിയന്ത്രിക്കുന്നതിന് സമഗ്രമായ നയത്തിന് രൂപം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രസർക്കാർ കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹർജി തള്ളിയത്.

വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഡേറ്റയിൽ കൃത്രിമം നടക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്നും കുമളി സ്വദേശിയായ ഓമനക്കുട്ടൻ ഹർജിയിൽ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ വാട്‌സ്ആപ്പ് ഡേറ്റ, കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജി തന്നെ അനവസരത്തിലെന്ന് വിലയിരുത്തി കോടതി തള്ളുകയായിരുന്നു.