വാഹനങ്ങളിൽ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കൽ; സമയപരിധി നീട്ടി

ന്യൂഡെൽഹി: രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്ന സമയപരിധി നീട്ടി. ഇതിനായി 2021 ഏപ്രിൽ ഒന്നുവരെ ആയിരുന്നു മുമ്പ് നൽകിയിരുന്ന കാലാവധി. എന്നാൽ 2021 ഡിസംബർ 31വരെ ഇപ്പോൾ തീയതി നീട്ടിയെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ പകർച്ചവ്യാധി കണക്കിലെടുത്ത്​ ഈ കാലവധി നീട്ടണമെന്ന്​ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്​ചറേഴ്​സ്​ (സിയാം) ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം പരിഗണിച്ചാണ് കേന്ദ്രം തീയതി നീട്ടിനൽകിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യാത്രക്കാരുടെ സുരക്ഷ ഉറപ്പിക്കുന്നതിനാണ്​ പുതിയ തീരുമാനം പ്രഖ്യാപിച്ചത്​. ഇന്ത്യയിൽ നിർമിച്ച് വിൽക്കുന്ന എല്ലാ പി.വി (പാസഞ്ചർ വെഹിക്കിൾ) കളിലും മുന്നിൽ ഇരട്ട എയർബാഗുകൾ വേണമെന്നായിരുന്നു ഉത്തരവ്.

നിലവിൽ നിരത്തിൽ ഇറങ്ങിക്കഴിഞ്ഞ വാഹനങ്ങളില്‍ എയർബാഗ്​ ഘടിപ്പിക്കേണ്ടതില്ല എന്നതിനാൽ വാഹന ഉടമകൾ പുതിയ തീരുമാനത്തിൽ ആശങ്കപ്പെടേണ്ടതില്ല​. ഒറ്റ എയർബാഗുമായി നിർമാണം പൂർത്തിയായതും എന്നാൽ വിൽക്കാത്തതുമായ വാഹനങ്ങളിലാണ്​ ഇരട്ട എയർബാഗുകൾ വരുന്നത്​.

നിലവിൽ ഡ്രൈവർ സീറ്റ് എയർബാഗ് മാത്രമേ വാഹനങ്ങളിൽ നിർബന്ധമുള്ളൂ. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഇരട്ട എയർബാഗുകൾ നിർബന്ധമാക്കുന്നത്​. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻ‌ഡേർഡ് (ബി‌ഐ‌എസ്) സവിശേഷതകൾ‌ക്ക് കീഴിൽ എയർ‌ബാഗുകൾ‌ക്ക് എ‌ഐ‌എസ് 145 മാനദണ്ഡം പാലിക്കേണ്ടതുണ്ടെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. മുൻ‌ നിരയിൽ‌ ഇരട്ട എയർ‌ബാഗുകൾ‌ ഉൾ‌പ്പെടുത്താത്ത എൻ‌ട്രി ലെവൽ‌ ഇന്ത്യൻ‌ കാറുകളിൽ‌ സുരക്ഷ വർധിപ്പിക്കാൻ പുതിയ തീരുമാനം സഹായിക്കും.