ന്യൂഡെൽഹി: കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി കേന്ദ്രസർക്കാർ നീട്ടി. 2022 ജൂൺ 30 വരെയാണ് വേണുഗോപാലിന്റെ കാലാവധി നീട്ടിയത്. 2017 ജൂലൈ ഒന്നിനാണ് ഭരണഘടന വിദഗ്ദ്ധനായ കെ കെ വേണുഗോപാലിനെ നരേന്ദ്ര മോദി സർക്കാർ അറ്റോർണി ജനറലായി നിയമിച്ചത്.
മൂന്ന് വർഷത്തേക്ക് ആയിരുന്നു നിയമനം. കാലാവധി പൂർത്തിയാക്കാൻ ഇരിക്കെ അറ്റോർണി ജനറൽ സ്ഥാനത്ത് തുടരണമെന്ന് പ്രധാനമന്ത്രി കെകെവേണുഗോപാലിനോട് കഴിഞ്ഞ വർഷം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് ഒരു വർഷത്തേക്ക് കാലാവധി നീട്ടി നൽകിയിരുന്നു. ഈ കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് വീണ്ടും സർക്കാർ കാലാവധി നീട്ടി നൽകുന്നത്.
മൊറാജി ദേശായിയുടെ സർക്കാരിൽ അഡീഷണൽ സോളിസിറ്റർ ജനറലായും വേണുഗോപാൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടാണ് വേണുഗോപാലിന്റെ സ്വദേശം. റഫാൽ ഇടപാട് ഉൾപ്പടെയുളള സുപ്രധാന കേസുകളിൽ കേന്ദ്ര സർക്കാരിന് ശക്തമായ പ്രതിരോധം തീർത്തത് കെകെവേണുഗോപാൽ ആയിരുന്നു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലും, ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്ത് കളഞ്ഞതിന് എതിരായ ഹർജികളിലും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരാകുന്നതും വേണുഗോപാലാണ്.
ശബരിമല യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് എതിരേ ശക്തമായ വിമർശനമാണ് അറ്റോർണി ജനറൽ പദവിയിൽ ഇരുന്ന് കൊണ്ട് വേണുഗോപാൽ ഉന്നയിച്ചത്. യുവതി പ്രവേശനത്തെ എതിർത്ത് ന്യൂനപക്ഷ വിധി എഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് ശരിയെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടിരുന്നു.