പ്രതിരോധശേഷി കൂട്ടാൻ ലഭിച്ച ഗുളിക കഴിച്ച സ്ത്രീ മരിച്ചു; മൂന്നു പേർ ഗുരുതരാവസ്ഥയിൽ

ചെന്നൈ: രോഗപ്രതിരോധശേഷി കൂട്ടാനെന്ന പേരില്‍ ലഭിച്ച ഗുളിക കഴിച്ച സ്ത്രീ മരിച്ചു. തമിഴ്നാട് ഈറോഡ് കെജി വലസ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

ആരോഗ്യവകുപ്പ് പ്രതിനിധി എന്ന് പറഞ്ഞെത്തിയ ആള്‍ കര്‍ഷകനായ കറുപ്പണ്ണയുടെ വീട് സന്ദര്‍ശിച്ച് കുടുംബത്തില്‍ ആര്‍ക്കെങ്കിലും പനിയോ ചുമയോ മറ്റോ ഉണ്ടോയെന്ന് തിരക്കി. അതിന്ശേഷം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനെന്ന പേരില്‍ കുറച്ച്‌ ഗുളികകള്‍ നല്‍കുകയുമായിരുന്നു. ഗുളിക കഴിച്ച് അവശനിലയിലായ കറുപ്പണ്ണനെയും കുടുംബാംഗങ്ങളെയും കണ്ട അയല്‍വാസികൾ ഇവരെ ആശുപത്രിയിലാക്കുകയായിരുന്നു. കറുപ്പണ്ണന്‍റെ ഭാര്യ അപ്പോഴേക്കും മരിച്ചിരുന്നു.

കൊറോണ പശ്ചാത്തലത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളുകളെ കണ്ടെത്താന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതിനായി ആരോഗ്യവകുപ്പ് താത്കാലിക പ്രതിനിധികളെ നിയമിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ആരെങ്കിലും ആകാം കറുപ്പണ്ണന്‍റെ വീട് സന്ദര്‍ശിച്ച്‌ കുടുംബത്തിന് ഗുളിക നല്‍കിയതാകാമെന്ന് സംശയിക്കുന്നതായി എസ്പി ശശി മോഹന്‍ സംഭവത്തില്‍ പ്രതികരിച്ചത്.

എങ്കിലും സംഭവത്തില്‍ മറ്റുസാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇതിന്‍റെ ഭാഗമായി കറുപ്പണ്ണന് ബന്ധുക്കളോ അല്ലെങ്കില്‍ മറ്റാരെങ്കിലുമായോ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒപ്പം ഇവര്‍ക്ക് ഗുളിക നല്‍കിയെന്ന് സംശയിക്കുന്ന ആരോഗ്യപ്രവര്‍ത്തകനെ കണ്ടെത്താന്‍ നാല് സ്പെഷ്യല്‍ ടീമുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.