16കോടി രൂപയുടെ അത്ഭുത മരുന്ന് ‘ലോട്ടറി’യിലൂടെ ലഭിച്ച കുഞ്ഞ് പുതുജീവിതത്തിലേക്ക്

ന്യൂഡെല്‍ഹി: അപൂര്‍വ ജനിതക രോഗമായ സ്​പൈനല്‍ മസ്​കുലര്‍ അട്രോഫി (എസ്​എംഎ) എ​ന്ന രോഗത്തോട്​ ​പൊരുതിയ ഒരു വയസായ കുഞ്ഞിന് ‘ലോട്ടറി’ സമ്പ്രദായത്തിലൂടെ പുതുജീവൻ. ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നാണ് ലോട്ടറി സമ്പ്രദായത്തിലൂടെ ലഭിച്ചത്​.

പേശികള്‍ക്ക്​ ക്ഷയം സംഭവിക്കുന്ന അപൂര്‍വ ജനിതക രോഗമാണ്​ എസ്​.എം.എ. പ്രായം കൂടുന്തോറും രോഗം ഗുരുതരമാകും. ജീന്‍ തെറപ്പി പോലുള്ള ചികിത്സകളാണ്​ ഇതിന്​ പരിഹാരം. 16 കോടി രൂപയാണ്​ ഒരു സിംഗിള്‍ ഡോസ്​ ‘സോള്‍ജെന്‍സ്​മ’ മരുന്നി​ൻ്റെ വില. മരുന്ന്​ വികസിപ്പിക്കാന്‍ നടത്തിയ ഗവേഷണങ്ങളുടെ ചിലവാണ്​ വില ഉയരാന്‍ കാരണം. മാതാപിതാക്കളായ അബ്​ദുള്ളയും ആയിഷയും സൈനബിൻ്റെ ജീവന്‍ രക്ഷിക്കാന്‍ തുക കണ്ടെത്താനുള്ള തീ​വ്ര ശ്രമത്തിലായിരുന്നു.

2018ല്‍ അബ്​ദുള്ളയുടെയും ആയിഷയുടെയും ആദ്യ കുഞ്ഞ്​ എസ്​.എം.എ ബാധിച്ച്‌​ മരണപ്പെട്ടിരുന്നു. എന്നാല്‍, രണ്ടാമത്തെ കുഞ്ഞായ സൈനബിനും രോഗം പിടിപെടുകയായിരുന്നു. പിന്നീടാണ്​ അബ്​ദുള്ള സോള്‍ജെന്‍സ്​മ മരുന്ന്​ സ്വീകരിച്ച ഒരു കുട്ടിക്ക്​ രോഗം ഭേദമായ വിവരം അറിയുന്നത്​. ഇതോടെ എസ്​.എം.എ രോഗത്തിന്​ ചികിത്സ സഹായം നല്‍കുന്ന കെയര്‍ എസ്​.എം.എയില്‍ കുഞ്ഞിൻ്റെ പേര്​ രജിസ്​റ്റര്‍ ചെയ്യുകയായിരുന്നു.

കുഞ്ഞി​ൻ്റെ ജീവന്‍ രക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലടക്കം ഇവര്‍ സഹായ അഭ്യര്‍ഥനയുമായി എത്തുകയും ചെയ്​തിരുന്നു. എന്നാല്‍, ശനിയാഴ്​ചയാണ് ഫോണ്‍ കോളിൻ്റെ രൂപത്തില്‍ ആ സന്തോഷവാര്‍ത്ത അവരെ തേടി എത്തിയത്. ലോട്ടറി നറുക്കെടുപ്പിലൂടെ 16 കോടിയുടെ മരുന്നിന്​ സൈനബ്​ അര്‍ഹയായെന്നായിരുന്നു വാര്‍ത്ത.

മറ്റു മൂന്നുകുട്ടികളും സൈനബിനൊപ്പം തെ​രഞ്ഞെടുക്ക​പ്പെട്ടു. ശനിയാഴ്​ച വൈകി​ട്ടോടെ തന്നെ കുഞ്ഞിന്​ സോള്‍ജെന്‍സ്​മ മരുന്ന്​ നല്‍കി. ന്യൂഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലാണ്​ സൈനബ്​ ഇപ്പോള്‍.