രാഷ്​ട്രപതിയുടെ സന്ദർശനത്തിന്​ ഗതാഗത നിയന്ത്രണം; കാൺപൂരിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു

ലഖ്​നോ: രാഷ്​ട്രപതിയുടെ സന്ദർശനത്തിന്​ മുന്നോടിയായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളെ തുടർന്ന്​ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിൻ്റെ സന്ദർശനത്തിന്​ മുന്നോടിയായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്​. മൂന്ന്​ ദിവസ​ത്തെ സന്ദർശനത്തിനായാണ്​ രാംനാഥ്​ കോവിന്ദ്​ യു.പിയിലെത്തിയത്​.

വന്ദന മിശ്രയെന്ന 50കാരിയാണ്​ രാഷ്​ട്രപതിയുടെ സന്ദർശനത്തെ തുടർന്ന്​ ചികിത്സ കിട്ടാതെ മരിച്ചത്​. ശാരീരിക ബുദ്ധിമുട്ട്​ അനുഭവപ്പെട്ടതിനെ തുടർന്ന്​ ഇവരുമായി കുടുംബം ആശുപത്രിയിലേക്ക്​ തിരിച്ചു. എന്നാൽ, ഇവർ സഞ്ചരിച്ചിരുന്ന വഴിയിലൂ​ടേയാണ്​ രാഷ്​ട്രപതിയുടെയും യാത്ര നിശ്​ചയിച്ചിരുന്നത്​. അതിനാൽ വഴിമധ്യേ പൊലീസ്​ ഇവരെ തടയുകയും ചെയ്​തു.

ഗതാഗത തടസം മറികടന്ന്​ ആശുപത്രിയിലേക്ക്​ എത്തുമ്പോഴേക്കും വന്ദന മിശ്ര മരിച്ചിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച്‌​ യു.പി പൊലീസും രംഗത്തെത്തിയിട്ടുണ്ട്​. ഇത്​ വലിയൊരു പാഠമാണ്​. ഇനി ഇത്തരം സന്ദർഭങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്ന്​ കാൺപൂർ പൊലീസ്​ കമ്മീഷണർ അറിയിച്ചു.