രാഷ്ട്രപതി രാം നാഥ് കോവിന്ദിൻ്റെ ജന്മദേശമായ കാൺപൂരിലേക്കുള്ള ആദ്യയാത്ര ട്രെയിനിൽ

ന്യൂഡെൽഹി: ചുമതലയേറ്റ ശേഷം ഇതാദ്യമായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ജന്മനാടായ ജന്മദേശമായ കാൺപൂരിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചു. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു രാഷ്ട്രപതി ട്രെയിനിൽ യാത്ര ചെയ്യുന്നത്. സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് രാഷ്ട്രപതി ഭാര്യയ്ക്കൊപ്പം ട്രെയിനിൽ യാത്ര തിരിച്ചത്. ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് രാം നാഥ് കോവിന്ദ് ജന്മനാട്ടിലെത്തുന്നത്. റെയിൽവേ മന്ത്രി പീയുഷ് ഗോയൽ, റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ സുനീത് ശർമ്മ എന്നിവർ രാഷ്ട്രപതിയെ യാത്രയാക്കാനെത്തിയിരുന്നു.

സ്‌പെഷൽ ട്രെയിനിലാണ് രാഷ്ട്രപതിയുടെ യാത്ര. യാത്രാ മദ്ധ്യേ കാൻപൂരിലെ ജിൻജാക്ക്, രുരാ എന്നീ സ്ഥലങ്ങളിൽ ട്രെയിൻ നിർത്തും. സ്‌കൂൾ കാലഘട്ടത്തിലെ ബാല്യകാല സുഹൃത്തുക്കളുമായി രാഷ്ട്രപതിയ്ക്ക് നേരിട്ട് സംസാരിക്കാനാണ് ഇവിടെ സ്റ്റോപ്പുകൾ അനുവദിച്ചത്. ജൂൺ 27ന് കാൺപൂരിലെ പരൗഖ് ഗ്രാമത്തിൽ നടക്കുന്ന രണ്ട് സ്വീകരണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

സ്വന്തം നാട്ടിലെ പരിപാടികൾക്ക് ശേഷം ജൂൺ 28ന് കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഖ്‌നൗവിലേക്കും രാഷ്ട്രപതി ട്രെയിൻ മാർഗം യാത്ര തിരിക്കും. അവിടെ നിന്നും തിരിച്ച് ഡൽഹിയിലേക്ക് വിമാനത്തിലെത്തും. 2006ൽ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമാണ് രാഷ്ട്രപതി പദവിയിലിരിക്കെ ട്രെയിനിൽ യാത്ര ചെയ്തത്.