ഡെല്‍ഹി സർക്കാർ ഓക്‌സിജന്‍ ക്ഷാമം പെരുപ്പിച്ച് കാണിച്ചു; മറ്റു സംസ്ഥാനങ്ങളെ വലച്ചു; സുപ്രീംകോടതി നിയമിച്ച ഓഡിറ്റ് പാനലിൻ്റെ കണ്ടെത്തൽ

ന്യൂഡെല്‍ഹി: കൊറോണ രണ്ടാം തരംഗം രൂക്ഷമായിരിക്കെ ഡെല്‍ഹി സർക്കാർ ഓക്‌സിജന്‍ ക്ഷാമം പെരുപ്പിച്ച് കാണിച്ചതായി സുപ്രീം കോടതി നിയമിച്ച ഓഡിറ്റ് പാനല്‍. ഡെല്‍ഹിക്ക് ആവശ്യമായിരുന്നതിലും നാല് മടങ്ങാണ് സര്‍ക്കാര്‍ അവശ്യപ്പെട്ടതെന്നാണ് ഓഡിറ്റ് പാനലിന്റെ കണ്ടെത്തല്‍. ഡെൽഹിയുടെ നിലപാട് ഓക്സിജൻ ക്ഷാമം രൂക്ഷമായ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചതായും റിപ്പോർട്ടിലുണ്ട്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നും ഓക്‌സിജന്‍ വിതരണം കൂട്ടണമെന്നും നിരന്തരം ആവശ്യപ്പെട്ടിരുന്ന സംസ്ഥാനമാണ് ഡെല്‍ഹി.

കൊറോണ രൂക്ഷമായിരുന്ന ഏപ്രില്‍ മെയ് മാസങ്ങളില്‍ ഡെല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രംഗത്ത് വന്നിരുന്നു. ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഓക്‌സിജന്‍ ദൗര്‍ലഭ്യത്തിന്റെ പേരില്‍ ആം ആദ്മി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ കലഹിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ നീങ്ങിയിരുന്നു.

പ്രശ്‌നം സങ്കീര്‍ണമായതോടെ സംഭവത്തില്‍ ഡെല്‍ഹി ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടു. എത്രയും വേഗം ഡെല്‍ഹിക്ക് ഓക്‌സിജന്‍ എത്തിക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. ഇതില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറാച്ചാണ് ഡെല്‍ഹിക്ക് കൂടുതല്‍ ഓക്‌സിജന്‍ ലഭ്യമാക്കിയത്. എന്നാല്‍ ഡെല്‍ഹിക്ക് ആവശ്യമായി വന്നത് ബെഡ് കപ്പാസിറ്റി ഫോര്‍മുല അനുസരിച്ച് 300 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്.

ആവശ്യമായതിലും നാലിരട്ടിയായ 1140 മെട്രിക് ടണ്‍ കേജരിവാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നാണ് ഓഡിറ്റ് പാനലിന്റെ കണ്ടെത്തല്‍. ഡെല്‍ഹി സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം ഏപ്രില്‍ 29 മുതല്‍ മെയ് 30 വരെ ഡെല്‍ഹിയില്‍ ഓക്‌സിജന്റെ ഉപഭോഗം 350 മെട്രിക് ടണ്ണില്‍ അധികം വന്നിട്ടില്ലെന്നും പാനല്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ സുപ്രീം കോടതി ദിവസേന 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ പ്രതിദിനം ഡെല്‍ഹിക്ക് എത്തിക്കണമെന്ന് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം ഡെല്‍ഹി സർക്കാർ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചത് മൂലം മറ്റ് 12 സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം കുറഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ട് പ്രകാരമുള്ള വിലയിരുത്തല്‍. രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമായിരുന്ന മാസങ്ങളില്‍ ഡെല്‍ഹിയിലെ ഓക്‌സജന്‍ ക്ഷാമം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു.

എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുല്ലേറിയ, ഡല്‍ഹി ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ ഹോം സെക്രട്ടറി ഭൂപീന്ദര്‍ ഫല്ല, മാക്‌സ് ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ സന്ദീപ് ബുദ്ധിരാജ് കേന്ദ്ര ജല ശക്തി മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശുഭോദ് യാദവ് എന്നിവരടങ്ങിയതാണ് ഓക്‌സിജന്‍ ഓഡിറ്റ് പാനല്‍