കൊറോണ ഡെൽറ്റ പ്ലസ്; ഇന്ത്യയിൽ ആദ്യ മരണം മധ്യപ്രദേശിൽ സ്ഥിരീകരിച്ചു

ഭോപ്പാൽ: കൊറോണ വൈറസിന്റെ വ്യാപനശേഷി കൂടിയ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ഇന്ത്യയിലെ ആദ്യ മരണം മധ്യപ്രദേശിൽ സ്ഥിരീകരിച്ചു. ഉജ്ജയിനിൽ മേയ് 23ന് കൊറോണ ബാധിച്ച്‌ മരിച്ചയാളുടെ സാംപിൾ ശേഖരിച്ച്‌ ജനിതക ശ്രേണീകരണം നടത്തിയാണ് ബാധിച്ചത് ഡെൽറ്റ പ്ലസ് വകഭേദമാണെന്ന് കണ്ടെത്തിയത്. ഡെൽറ്റ പ്ലസിന് അതിവ്യാപന ശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്.

മധ്യപ്രദേശിൽ അഞ്ച് പേരിലാണ് ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. മൂന്നു പേർ തലസ്ഥാനമായ ഭോപ്പാലിലും രണ്ട് പേർ ഉജ്ജയിനിലുമാണ്. ഇവരിൽ മരിച്ചയാൾക്ക് പുറമേയുള്ള നാലുപേരും രോഗമുക്തി നേടിയിട്ടുണ്ട്.

മരിച്ചയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുന്നത് ഉൾപ്പെടെ പ്രതിരോധ നടപടികൾ തുടരുകയാണെന്ന് മധ്യപ്രദേശ് ആരോഗ്യ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പരിശോധനയും ജനിതക ശ്രേണീകരണവും വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡെൽറ്റ പ്ലസ് ബാധിച്ച്‌ രോഗമുക്തി നേടിയ നാലുപേരും വാക്‌സിൻ സ്വീകരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, മരണമടഞ്ഞ വ്യക്തി വാക്‌സിൻ സ്വീകരിച്ചിരുന്നില്ല. ഡെൽറ്റ പ്ലസ് വൈറസിനെതിരെ ജാഗ്രത പുലർത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും ഒരാളിൽ വൈറസ് സ്ഥിരീകരിച്ചു.