ചെന്നൈ: കൊറോണ നിയന്ത്രണങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് നടുറോഡിൽ യുവാവിന് പോലീസിൻ്റെ ക്രൂരമർദ്ദനവും വാനിൽ മൂന്നാം മുറയും. പൊലീസിന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് 40 കാരൻ കൊല്ലപ്പെട്ടു. തമിഴകത്തെ ഞെട്ടിച്ച സാത്താൻകുളം സംഭവം നടന്ന് ഒരു വർഷം ആകും മുമ്പാണ് തമിഴ്നാട്ടിൽ മറ്റൊരു നീറ്റലായി യുവാവിൻ്റെ ദാരുണ അന്ത്യം.
കൊറോണ നിയന്ത്രണങ്ങളുടെ പേരിലായിരുന്നു സേലം സ്വദേശി മുരുകേശനെ ഒരു മണിക്കൂറോളം പോലീസ് മർദ്ദിച്ചത്. സേലം ചെക്ക്പോസ്റ്റിലായിരുന്നു സംഭവം. ലാത്തിയടക്കം ഉപയോഗിച്ച് റോഡിലിട്ട് ഇയാളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
റോഡിലെ മർദ്ദനത്തിന് ശേഷം സമീപമുണ്ടായിരുന്ന പൊലീസ് വാനിൽ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നാണ് ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്. യുവാവിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റെന്നാണ് ഡോക്ടർമാരടക്കം സംശയിക്കുന്നത്. പൊലീസുകാർക്കെതിരെ നടപടിയാവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കളടക്കം പ്രതിഷേധവുമായി രംഗത്തെത്തി.