ലാഹോർ: പാകിസ്ഥാൻ നഗരമായ ലാഹോറിൽ, ഭീകരൻ ഹാഫിസ് സയീദിന്റെ വീടിന്റെ മുന്നിൽ സ്‌ഫോടനം. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ ലാഹോർ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം സ്ഥലം പൊലീസ് അടച്ചു. സ്‌ഫോടന ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചു. സ്‌ഫോടനത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദർ പറഞ്ഞു.
സ്‌ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നു. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനത്തിന് ശേഷം അപരിചിതരായ ഒരാൾ കെട്ടിടത്തിന് മുന്നിൽ ഇരുചക്രവാഹനം നിർത്തിയിട്ടതായി ദൃക്‌സാക്ഷി ജിയോ ന്യൂസിനോട് പറഞ്ഞു.