ന്യൂഡെൽഹി: അടിക്കടിയുള്ള ഇന്ധനവില വർധനയിൽ രാജ്യത്തെ ജനങ്ങൾ പരക്കം പായുമ്പോൾ ഉത്തരവാദിത്തം യുപിഎ സർക്കാറിൻ്റെ തലയിൽ കെട്ടിവെച്ച് ബിജെപിയും കേന്ദ്രസർക്കാറും. 2004-2014 യുപിഎ കാലഘട്ടത്തിൽ ‘ഓയിൽ ബോണ്ട്’ ഉപയോഗിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നടത്തിയ സാമ്പത്തിക തട്ടിപ്പാണ് വില വർധനക്ക് കാരണമെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നു. എന്നാൽ സർക്കാരും പാർട്ടിയും ഇക്കാര്യത്തിൽ മുടന്തൻ ന്യായങ്ങൾ നിരത്തുകയാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു.
സംഭവത്തിൽ രാഷ്ട്രീയക്കാരെ മാറ്റി നിർത്തി ‘രാഷ്ട്രീയക്കാരല്ലാത്ത ചിലർ’ തീരുമാനങ്ങൾ എടുക്കുകയായിരുന്നുവെന്നും മൻമോഹൻ സിങ്ങിനെ ലക്ഷ്യമാക്കി അവർ വിമർശനം ഉയർത്തി. ഇന്ധനമേഖലയിൽ സബ്സിഡിക്ക് വേണ്ടി യുപിഎ സർക്കാർ ഓയിൽ ബോണ്ടുകളുണ്ടാക്കി. ചില പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സബ്സിഡി നൽകുന്നതിനായിരുന്നു ഇത്തരം ബോണ്ടുകൾ. ഓയിൽ ബോണ്ട് കടപത്രം ഇറക്കി യുപിഎ സർക്കാർ കടബാധ്യത കൂട്ടുകയായിരുന്നു എന്നാണ് ആരോപണം .
1,30,701 കോടി രൂപ കടപത്രത്തിൻ്റെ കടം ഇക്കൊല്ലം വീട്ടണം. അതിൽ 10,000 കോടി രൂപ അവർക്ക് പലിശ നൽകണമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ബന്ധപ്പെട്ട സർക്കാറും ഉദ്യോഗസ്ഥരും സാമ്പത്തിക ഉപദേശകരും റിസർവ് ബാങ്ക് ഗവർണർമാരുമെല്ലാം ഇതിൻ്റെ ഉത്തരവാദികളാണ്. തുടർന്നുവന്ന സർക്കാറിന് കടപത്രത്തിൻറെ ഭാരവും കൈമാറി. രാഷ്ട്രീയക്കാരല്ലാത്തവർ നടത്തിയ കൃത്യവിലോപത്തിൻ്റെ ഉത്തരവാദിത്തം രാഷ്ട്രീയക്കാർ ഏറ്റെടുക്കേണ്ടി വരുന്നുവെന്നും ആരോപിക്കുന്നു .
കഴിഞ്ഞ ഏഴുകൊല്ലമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കടപത്രത്തിൻ്റെ 70,000 കോടിയുടെ പലിശ മാത്രം കൊടുത്തു തീർത്തു. ഇതിന് പുറമെ കൊറോണ പ്രതിരോധത്തിനായി മാറ്റിവെച്ചത് 35,000 കോടി മാത്രമെന്നതാണ് ഇതിൻ്റെ വിരോധാഭാസമെന്നും അവർ പറയുന്നു.
ബിജെപി നേതാവ് അമിത് മാളവ്യയടക്കം പത്ര റിപ്പോർട്ട് പങ്കുവെച്ച് യുപിഎ സർക്കാറിനും മൻമോഹൻ സിങ്ങിനുമെതിരെ രംഗത്തെത്തി. യു.പി.എ സർക്കാറിൻ്റെ കെടുകാര്യസ്ഥതയാണ് ഇന്ധനവില വർധനക്ക് കാരണമെന്ന് വരുത്തിതീർക്കാനാണ് ബിജെപി സർക്കാരിന്റെ നീക്കം. അതേസമയം, കേന്ദ്ര സർക്കാറും ബിജെപിയും മുടന്തൻ ന്യായങ്ങൾ നിരത്തുകയായിരുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്.