എയര്‍ ഇന്ത്യ സ്വകാര്യവൽക്കരണം; മുന്‍ നിലപാടില്‍ നിന്ന് പിൻവലിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെൽഹി: എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്ന് പിൻവലിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. കമ്പനി സ്വകാര്യവല്‍ക്കരിച്ചാലും തുടര്‍ന്നുളള രണ്ട് വര്‍ഷത്തേക്ക് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, സമര്‍പ്പിക്കപ്പെട്ട താല്‍പര്യപത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത കമ്പനികള്‍ക്ക് നല്‍കിയ റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസലിന്റെ (ആര്‍എഫ്പി) കരടില്‍ കമ്പനി ജീവനക്കാര്‍ക്കുളള തൊഴില്‍ സുരക്ഷ ഒരു വര്‍ഷമായി ചുരുക്കി.

ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളോട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാണ് ആര്‍എഫ്പി നല്‍കിയിട്ടുളളത്. ഇനി സ്വകാര്യവല്‍ക്കരണത്തിലേക്ക് പോകാനിരിക്കുന്ന സ്ഥാപനങ്ങളിലും കമ്പനികളിലും സമാന നിലപാടാകും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുളള നിക്ഷേപകരുമായി നടത്തിയ ചര്‍ച്ചയിലാണ് നിലപാടില്‍ മാറ്റം വരുത്തിയതെന്നാണ് സൂചന. ഏറ്റെടുക്കുന്ന നിക്ഷേപകന് കമ്പനിയെ ലാഭത്തില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകരമായ നയ സമീപനം എന്ന തരത്തിലാണ് ജീവനക്കാര്‍ക്കുളള തൊഴില്‍ സുരക്ഷ ഒരു വര്‍ഷമായി വെട്ടിക്കുറച്ചതെന്നാണ് റിപ്പോര്‍ട്ട്.