ലോക്ഡൗണിൽ ജോലി നഷ്ടമായവരെ ലക്ഷ്യമിട്ട് സൈബർ തൊഴിൽ തട്ടിപ്പ് സംഘങ്ങൾ

ന്യൂഡെൽഹി: കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗൺ മൂലം ജോലി നഷ്ടമായവരെ ലക്ഷ്യമിട്ട് സൈബർ തൊഴിൽ തട്ടിപ്പ് സംഘങ്ങൾ. വീട്ടിലിരുന്ന് ഡേറ്റാ എൻട്രി ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന പേരിലാണ് തട്ടിപ്പ്.

തൊഴിൽ അറിയിപ്പുകൾ നൽകുന്ന ആപ്പുകളിലും വെബ്സെറ്റുകളിലും വ്യാജകമ്പനികളുടെ പേരിൽ പരസ്യം നൽകിയാണ് ഇവരുടെ പ്രവർത്തനം. വാഗ്ദാനങ്ങളിൽ വീണ് ലക്ഷങ്ങൾ വരെ നഷ്ടമായവരുണ്ടെന്ന് ഡെൽഹി പൊലീസ് സൈബർ ക്രൈം സെൽ ഡിസിപി അനീഷ് റായ് പറയുന്നു.

തുടർച്ചയായി രണ്ട് ലോക്ഡൗണുകളിൽ രാജ്യത്ത് തൊഴിൽ നഷ്ടമായവരിൽ ദിവസ വേതനക്കാർ മുതൽ ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാർ വരെയുണ്ട്. കൊറോണ പ്രതിസന്ധി തിരിച്ചടിയായപ്പോൾ ഇങ്ങനെ ജോലി നഷ്ടമായവരെ ഉന്നമിട്ട് സൈബർ തട്ടിപ്പുസംഘങ്ങളും ഇപ്പോൾ സജീവമാകുകയാണ്. പുതിയ തൊഴിൽ കണ്ടെത്താൻ ആപ്പുകൾ മുതൽ വെബ് സെറ്റുകൾ വരെ രാജ്യത്ത് ലഭ്യമാണ്.