കൊറോണ മരണങ്ങളിലെ അവ്യക്തത; ബീഹാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

പാട്‌ന: കൊറോണ രണ്ടാം തരംഗം രൂക്ഷമായതിനിടെ ബീഹാറില്‍ നടന്ന മരണങ്ങളില്‍ വ്യക്തത ഇല്ലെന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മഹാമാരി തീവ്രമായിരിക്കെ നടന്ന ആയിരകണക്കിന് മരണങ്ങളുടെ കാരണം വ്യക്തമല്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വമിര്‍ശിച്ചത്.

ജനനവും മരണവും രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ തീരെ സുതാര്യമല്ലെന്ന് കോടതി കുറ്റപ്പെടുത്തി. കൊറോണ രൂക്ഷമായതിനിടെ സംഭവിച്ച മരണങ്ങളുടെ കണക്ക് പുറത്തു വിടാന്‍ സര്‍ക്കാര്‍ മടികാണിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇത് തികച്ചും അനാവശ്യമാണെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്ക് നിയമ പരിരക്ഷ ലഭിക്കില്ലെന്നും വ്യക്തമാക്കി.

ജനന-മരണ കണക്കുകള്‍ വ്യക്തമാക്കുന്ന ഡിജിറ്റല്‍ പോര്‍ട്ടല്‍ 2018 മുതല്‍ പ്രവര്‍ത്തന രഹിതമാണെന്ന് നിരീക്ഷിച്ച കോടതി ഇത് ഉടന്‍ തന്നെ അപ്ഡേറ്റ് ചെയ്യണമെന്നും അറിയിച്ചു. ജനപ്രതിനിധികള്‍ 24 മണിക്കൂറിനുള്ളില്‍ ഇത്തരത്തിലുള്ള കണക്കുകള്‍ പുറത്തുവിടണമെന്നും പാട്ന കോടതി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ഇത്തരം രഹസ്യ നീക്കങ്ങള്‍ പൊതു ജനങ്ങള്‍ക്ക് സഹായകമാകില്ല,പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള അവകാശമുണ്ട്. ഇത് ആര്‍ട്ടിക്കിള്‍ 21 നല്‍കിയിരിക്കുന്ന മൗലികാവകാശത്തില്‍ ഉള്‍പ്പെടുന്നതാണ്. സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തികള്‍ നിയമാനുസൃതമമായി വിലയിരുത്താന്‍ സാധിക്കില്ല. – കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൊറോണ വ്യാപനം തീവ്രമായിരുന്ന സമയത്ത് ബീഹാറില്‍ നടന്ന കാരണം വ്യക്തമല്ലാത്ത അനേകം മരണങ്ങള്‍ സംബന്ധിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നത്.
നീതിഷ് കുമാര്‍ സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകളേക്കാള്‍ ഇരട്ടിയിലധികമായിരുന്നു മരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ രൂക്ഷമായിരുന്ന കാലയളവില്‍ മരിച്ചവരുടെ മരണകാരണം ക്യത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനം.

കൊറോണ രണ്ടാം തരംഗമുണ്ടായ 2021ലെ അഞ്ച് മാസങ്ങളിലായി ബീഹാറില്‍ മരിച്ചത് 75000ത്തോളം പേരെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ കണക്കുകളില്‍ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം കൃ്ത്യമല്ലെന്ന് വിമര്‍ശനവും ശക്തമായിരിക്കെയാണ് സംസ്ഥാനത്ത് നിന്ന് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നത്.