“കുറച്ച് ദിവസങ്ങൾക്ക് മുൻപ് മിൽഖാ സിംഗുമായി സംസാരിച്ചിരുന്നു; അത് അദ്ദേഹവുമായുള്ള അവസാന സംഭാഷണമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല ” ; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡെൽഹി : “കുറച്ച് ദിവസങ്ങൾക്ക് മുൻപ് മിൽഖാ സിംഗുമായി സംസാരിച്ചിരുന്നു. എന്നാൽ അത് അദ്ദേഹവുമായുള്ള അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല ” – ഇന്ത്യയുടെ ഇതിഹാസ താരം മിൽഖാ സിംഗിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയ അവിസ്മരണീയ താരമാണ് മിൽഖാ സിംഗ് എന്ന് പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ലക്ഷക്കണക്കിന് ആളുകൾക്ക് അദ്ദേഹം പ്രചോദനമായിരുന്നു. മിൽഖാ സിംഗിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന് അഭിമാനമായ താരത്തിന്റെ ജീവിതം വളർന്നുവരുന്ന യുവതാരങ്ങൾക്ക് പ്രചോദനം നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മിൽഖാ സിംഗിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള ആരാധകർക്കും അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി കുറിച്ചു.

രാജ്യത്തിന്റെ ഇതിഹാസ താരമായ മിൽഖാ സിംഗ് കൊറോണാനന്തര ചികിൽസയിൽ കഴിയവെ ഇന്നലെ രാത്രിയാണ് മരിച്ചത്. കേന്ദ്ര നേതാക്കൾ ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.