ന്യൂഡെൽഹി: കൊറോണയ്ക്കെതിരായ കേന്ദ്രസർക്കാർ പോരാട്ടത്തെ അപകീർത്തി പെടുത്തിയെന്ന പേരിലുള്ള കോൺഗ്രസ് ടൂൾ കിറ്റ് കേസിൽ ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയെ ഡൽഹി പോലീസ് ചോദ്യം ചെയ്തു. മേയ് 31 ന് ബംഗളൂരുവിൽ മനീഷിനെ ചോദ്യം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. കോൺഗ്രസ് തയ്യാറാക്കിയ ടൂൾ കിറ്റ് പുറത്തുവിട്ട ബിജെപി വക്താവ് സമ്പിത് പാത്രയ്ക്കെതിരെ ട്വിറ്റർ നടപടിയെടുത്ത സംഭവം വിവാദമായിരുന്നു.
മാനുപുലേറ്റഡ് മീഡിയ എന്ന ടാഗാണ് ട്വീറ്റർ സമ്പിതിന്റെ ട്വീറ്റിന് നൽകിയത്. ഈ സംഭവത്തിലാണ് ട്വിറ്ററിന്റെ എംഡി മനീഷിനെ പോലീസ് ചോദ്യം ചെയ്തത്. കൊറോണയ്ക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ പോരാട്ടത്തെ അപകീർത്തിപ്പെടുത്തുന്നതിന് കോൺഗ്രസ് പുറത്തിറക്കിയ ടൂൾകിറ്റിന്റെ വിവരങ്ങളാണ് സമ്പിത് പുറത്തുവിട്ടത്.
ഈ ട്വീറ്റിനാണ് ട്വിറ്റർ മാനിപുലേറ്റഡ് മീഡിയ എന്ന ടാഗ് നൽകിയത്. മാനിപുലേറ്റഡ് മീഡിയ എന്ന ടാഗ് നീക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ചില വിവരങ്ങൾ ഷെയർ ചെയ്യുമ്പോൾ തെറ്റായ വിവരം എന്ന് ട്വിറ്റർ തന്നെ രേഖപ്പെടുത്തുന്നതാണ് മാനിപുലേറ്റഡ് മീഡിയ ടാഗ്.
അതിനിടെ ട്വിറ്റർ ഇന്ത്യ എംഡിയെന്ന് അവകാശപ്പെട്ട മനീഷ് മഹേശ്വരി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ താൻ എംഡി അല്ലെന്നും സെയിൽസ് ഹെഡ് മാത്രമാണെന്ന് വെളിപ്പെടുത്തിയതും ശ്രദ്ധനേടിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും അന്വേഷണത്തിലിരിക്കുന്ന കാര്യത്തെ കുറിച്ച് ട്വിറ്റർ വിധി പറയേണ്ടതില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.