ഗാസിപുർ : ഗാസിപൂരിനടുത്ത് ഗംഗാ നദിയിൽ നിന്നും മാതാപിതാക്കൾ ഉപേക്ഷിച്ച 22 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കണ്ടെത്തി. പ്രദേശവാസിയായ തോണിക്കാരൻ ഗുല്ലു ചൗധരിക്കാണ് ഗാസിപുരിന് സമീപമുളള ദാദ്രിഘട്ടിൽനിന്ന് കുഞ്ഞിനെ അടച്ച പെട്ടി ലഭിച്ചത്.
ഗംഗാ നദിയിലൂടെ ഒഴുകി നടക്കുന്ന മരം കൊണ്ടുണ്ടാക്കിയ പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് അതിനകത്ത് കുഞ്ഞിനെ കണ്ടെത്തിയത്. ചുവന്ന പട്ടുകൊണ്ട് അലങ്കരിച്ച പെട്ടിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്. ഒപ്പം കുഞ്ഞിന്റെ ജാതകവും പെട്ടിക്കകത്ത് ഉണ്ട്.
സംഭവം അറിഞ്ഞെത്തിയ പോലീസ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. മാതാപിതാക്കളെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം, കുട്ടിയെ കണ്ടെത്തിയ തോണിക്കാരനെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. പെൺകുഞ്ഞിനെ വളർത്തുന്നതിനായി വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.