ട്വിറ്ററിനെതിരെ കടുത്ത നടപടികളുമായി കേന്ദ്രം; നിയമ പരിരക്ഷ ഒഴിവാക്കി; സാമുദായിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി കാണിച്ച് കേസ്

ന്യൂഡെല്‍ഹി: പുതുക്കിയ ഐടി ചട്ടങ്ങള്‍ പിന്തുടരാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമമായ ട്വിറ്ററിനെതിരെ നടപടികള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിന് ഐടി നിയമ പ്രകാരമുള്ള പരിരക്ഷ കേന്ദ്രം ഒഴിവാക്കി. സാമുദായിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ട്വിറ്ററിന് എതിരെ കേസെടുക്കുകയും ചെയ്തു.

രാജ്യത്ത് പ്രധാന ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നിയമ പരിരക്ഷ ഒഴിവാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ട്വിറ്റര്‍ പുതിയ കംപ്ലയന്‍സ് ഓഫീസറെ നിയമിച്ചത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ലെന്നും കേന്ദ്രം പറയുന്നു.

മെയ് 25 മുതല്‍ പ്രാബല്യത്തില്‍ വന്ന എല്ലാ ചട്ടങ്ങളും ട്വിറ്റര്‍ ഇതുവരെ പാലിച്ചിട്ടില്ല. ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ അവരുടെ സംരക്ഷണം ഇല്ലാതായി. ഏതൊരു പ്രസാധകനെയും പോലെ ഇന്ത്യന്‍ നിയമത്തിനെതിരായ ശിക്ഷാനടപടികള്‍ക്ക് ട്വിറ്റര്‍ ബാധ്യസ്ഥനാണ്,”-ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം പറയുന്നു.

എന്നാല്‍ ഐടി ചട്ടങ്ങള്‍ പാലിച്ചാണ് ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിച്ച്‌തെന്നും ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ കേന്ദ്ര ഐടി മന്ത്രാലയത്തെ അറിയിക്കുമെന്നും ട്വിറ്റര്‍ പറഞ്ഞു. ഐടി ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.

അതേസമയം ട്വിറ്ററിനെതിരെ സാമുദായിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പുതിയ ഐടി ചട്ടപ്രകാരം ആദ്യ കേസും ഫയല്‍ ചെയ്തു. ഉത്തര്‍ പ്രദേശില്‍ ജൂണ്‍ 5 ന് വയോധികനായ മുസ്ലീം വിശ്വാസിയായ വ്യക്തിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള ട്വീറ്റിന്റെ പേരിലാണ് കേസ് ഫല്‍ ചെയ്തത്. തെറ്റിദ്ധാരണ പടര്‍ത്തുന്ന ട്വീറ്റ് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്ന് കാണിച്ചാണ് നടപടി.

ഐടി ചട്ടങ്ങള്‍ നടപ്പിലാക്കാത്ത പക്ഷം കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.തുടര്‍ന്ന് ഇതിനായി ഒരാഴ്ചത്തെ സമയം ട്വിറ്റര്‍ ആവശ്യപ്പെട്ടിരുന്നു.