ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭാ പുന:സംഘടന ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച തീരുമാനമെടുക്കാന്‍ മന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നലെ രാത്രി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി വി മുരളീധരനും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. മെട്രോമാൻ ഇ ശ്രീധരന് അവസരം ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് സൂചനയുണ്ട്. ഒന്നിലധികം മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുടെ വകുപ്പുകള്‍ കുറക്കാനും മന്ത്രിമാരില്‍ ചിലരെ സംഘടനാ ചുമതലയിലേയ്ക്കു മാറ്റാനും ചര്‍ച്ചയില്‍ ധാരണയായി എന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.
എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്റെ മരണത്തെ തുടര്‍ന്നും എന്‍ഡിഎയില്‍ നിന്ന് ശിരോമണി അകാലിദള്‍, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ പുറത്തുപോയതുമടക്കമുള്ള ഒഴിവുകള്‍ക്കും പുനഃസംഘടനയില്‍ പരിഹാരമുണ്ടാക്കിയേക്കും.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ചിട്ടില്ല. ആദ്യ മോദി സര്‍ക്കാര്‍ മൂന്ന് തവണ മന്ത്രിസഭ പുനഃസംഘടിപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ അടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുനഃസംഘടനയെന്നും വിലയിരുത്തപ്പെടുന്നു.