കടല്‍കൊല കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു; നഷ്ടപരിഹാരതുക കേരളത്തിന് കൈമാറും

ന്യൂഡെല്‍ഹി: കേരളത്തിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ എല്ലാ ക്രമിനല്‍കേസുകും സുപ്രീം കോടതി അവസാനിപ്പിച്ചു. കേസില്‍ നഷ്ടപരിഹാര തുകയായ 10 കോടി ഇറ്റലി നല്‍കിയ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്.

കേസില്‍ ഇറ്റലിയും കേരളവും സഹകരിക്കണമെന്നാവശ്യപ്പെട്ട കോടതി നഷ്ടപരിഹാര തുക 10 കോടി രൂപ കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും നിര്‍ദ്ദേശിച്ചു. തുക വേണ്ട വിധം െൈഹക്കോടതി വിതരണം ചെയ്യണം. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളായ വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതര്‍ക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം.

2012 ഫെബ്രുവരി 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിരായുധരായ രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ കൊല്ലം നീണ്ടകര തീരത്തുവെച്ച് ഇറ്റാലിയന്‍ കപ്പലായ എന്റിക്കാ ലെക്‌സിയിലെ സുരക്ഷാ നാവികസേനാംഗങ്ങളായ സാല്‍വത്തോറെ ജിറോണിന്‍, മാസിമിലാനോ ലത്തോറെ എന്നീ നാവികര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.

കേസില്‍ കേരളത്തില്‍ വിചാരണ നടത്താമെന്ന കേരള ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ നാവികര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുംടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ വര്‍ഷം മെയ് 21 നാണ് ട്രൈബ്യൂണല്‍ വിധിച്ചത്.

സുപ്രീം കോടതിയില്‍ 5 കേസുകളാണ് ഇതു സംബന്ധിച്ച് ഉണ്ടായിരുന്നത്. ഇവയെല്ലാം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. നഷ്ടപരിഹാരത്തുക ലഭിച്ചശേഷം തീരുമാനമെന്നാണ് ഇതില്‍ കോടതി നിലപാട് എടുത്തത്. ഇതേ തുടര്‍ന്ന ഇറ്റലി നഷ്ടപരിഹാര തുക കോടതിയില്‍ അടച്ചിട്ടുണ്ടെന്ന സോളിസിറ്റര്‍ ജനറലിന്റെ അറിയിപ്പ് കോടതിയില്‍ എത്തിയതിന് പിന്നാലെയാണ് നടപടികള്‍ അവസാനിപ്പിച്ചതായി കോടതി ഉത്തരവിട്ടത്.