കർഷക സമരങ്ങൾക്കും കൊറോണയ്ക്കുമിടയിൽ ഇന്ത്യൻ കാർഷിക മേഖലയ്ക്ക് അത്ഭുതകരമായ വളർച്ച; റിപ്പോർട്ട് പുറത്ത്

ന്യൂഡെൽഹി: കർഷകസമരങ്ങളോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുമ്പോഴും കൊറോണ കാലത്ത് ലോകത്തിന് മുന്നിൽ അത്ഭുതമായി കർഷകരുടെ കഠിനാധ്വാനം. ഭക്ഷ്യ സ്വയംപര്യാപ്തതയിൽ ഈ കാലത്ത് ഇന്ത്യ നേടിയത് അത്ഭുതകരമായ വളർച്ചയെന്ന് റിപ്പോർട്ട്. ഉൽപ്പാദനം ഇരട്ടിയായതോടെ സർക്കാർ സംഭരണശാലകളെല്ലാം സീസണിൽ നിറഞ്ഞിരിക്കുകയാണ്. ഒപ്പം കയറ്റുമതിയിലും വൻ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പൊതുവിതരണ സമ്പ്രദായത്തിലൂടെ അരിയും ഗോതമ്പുമാണ് സർക്കാർ എല്ലായിടത്തും എത്തിച്ചതെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് അറിയിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും ധാന്യങ്ങൾ പരമാവധി എത്തിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കരുതൽ ശേഖരവും ഇത്തവണ സർവ്വകാല നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ധാന്യങ്ങളുടെ റെക്കോഡ് സംഭരണമാണ് നടന്നിരിക്കുന്നത്. ഒപ്പം വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും വർദ്ധിച്ചു.

കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് രാജ്യത്തെ 85 കോടിയിലേറെ ജനങ്ങൾക്ക് 5 കിലോ അരിവീതം പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ അധികമായി നൽകിയിട്ടും ധാന്യ ലഭ്യതയിൽ കുറവുവന്നിട്ടില്ല. ഒപ്പം ഇത്തവണ ഉത്പ്പാദനം വർദ്ധിച്ചതും കേന്ദ്രസർക്കാറിന്റെ നയങ്ങളുടെ ഫലമാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.