ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്​സിഡി വർധിപ്പിച്ച് കേന്ദ്ര സർക്കാർ; വാഹനവില കുറയും

ന്യൂഡെൽഹി: ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്​സിഡി കേന്ദ്ര സർക്കാർ വർധിപ്പിച്ചതോടെ ഇവയുടെ വില കുറയുമെന്ന് സൂചന. ഇതിനായി ഫെയിം 2 (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്) പദ്ധതിയിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി. ഇതോടെ രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് വില കുറയും. കേന്ദ്ര വ്യവസായ വകുപ്പ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ്​ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്​സിഡി വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിലെത്തുന്നത് ഉറപ്പാക്കുന്നതിനാണ് പദ്ധതി. ഇതോടെ ഇത്തരം വാഹനങ്ങളുടെ വില ഗണ്യമായി കുറയും. ഘന വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഓരോ കിലോവാട്ട് ഔറിനും നൽകിവരുന്ന സബ്‌സിഡി 15,000 രൂപയായി വർധിപ്പിച്ചു. പഴയ സബ്‌സിഡി തുകയേക്കാൾ 5,000 രൂപയുടെ വർധനയാണ് വരുത്തിയത്.

എന്നാൽ ഫെയിം 2 സബ്​സിഡിക്ക്​ യോഗ്യത നേടുന്നതിന്​ ചില മാനദണ്ഡങ്ങൾ സർക്കാർ നിശ്​ചയിച്ചിട്ടുണ്ട്​. മിനിമം ടോപ്പ് സ്പീഡ്, ചാർജ് പെർ റേഞ്ച്, ആക്സിലറേഷൻ, ഊർജ ഉപഭോഗ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരമാണ്​ ആനുകൂല്യം ലഭിക്കുക. ഒരൊറ്റ ചാർജിൽ കുറഞ്ഞത് 80 കിലോമീറ്റർ ദൂരം സഞ്ചരിക്കുക, 250 വാട്ടിലധികം കരുത്തുള്ള ഇലക്ട്രിക് മോട്ടോർ ഉണ്ടായിരിക്കുക, 40 കിലോമീറ്റർ വേഗത ഉണ്ടായിരിക്കുക തുടങ്ങിയവ നിബന്ധനകളിൽ ചിലതാണ്​.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിലയുടെ 40 ശതമാനം വരെ ആനുകൂല്യം ലഭിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി കൂടാതെ, കേന്ദ്ര സർക്കാർ വലിയ തോതിൽ ഇലക്ട്രിക് ബസ്സുകളും ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങളും സംഭരിക്കും. മൂന്ന് ലക്ഷം ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങൾ സംഭരിക്കണമെന്ന് എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിനാണ് (ഇഇഎസ്എൽ) കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. മാത്രമല്ല, മുംബൈ, പുണെ, ചെന്നൈ, കൊൽക്കത്ത, സൂരത് (സൂററ്റ്) അഹമ്മദാബാദ്, ഡെൽഹി, ഹൈദരാബാദ്, ബെംഗളൂരു എന്നീ ഒമ്പത് നഗരങ്ങളുടെ ഇലക്ട്രിക് ബസ് ഡിമാൻഡ് കൈകാര്യം ചെയ്യുന്നത് ഇഇഎസ്എൽ ആയിരിക്കും.

രണ്ടാം ഘട്ട ഫെയിം പദ്ധതിയിൽ (ഫെയിം 2) സബ്‌സിഡി നൽകുന്നതിന് പതിനായിരം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇത്രയും തുകയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇരുചക്ര വാഹനങ്ങളാണ്. എന്നാൽ ഈ പദ്ധതി അനുസരിച്ച് അർഹരായ വാഹനങ്ങൾക്ക് മാത്രമായിരിക്കും സബ്‌സിഡി ലഭിക്കുന്നത്. ഒരു തവണ ബാറ്ററി പൂർണമായി ചാർജ് ചെയ്താൽ ഏറ്റവും കുറഞ്ഞത് 80 കിലോമീറ്റർ സഞ്ചരിക്കുന്നതും മണിക്കൂറിൽ 40 കിമീ ടോപ് സ്പീഡ് ഉള്ളതും 250 വാട്ട് അല്ലെങ്കിൽ അതിനുമുകളിൽ ശേഷിയുള്ള ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നതുമായ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കാണ് സബ്‌സിഡി നൽകുന്നത്.

പുതിയ ഉത്തരവ് വന്നതോടെ, വിലക്കുറവ് പ്രഖ്യാപിച്ച ആദ്യ ഇലക്ട്രിക് വാഹന നിർമാതാക്കളായി ബെംഗളൂരു ആസ്ഥാനമായ ഏഥർ എനർജി മാറി. ഏഥർ 450എക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയിൽ 14,500 രൂപയുടെ കുറവാണ് വരുത്തിയത്. ഏഥർ 450 പ്ലസ് സ്‌കൂട്ടറിന്റെയും വില കുറയും. ഏഥർ 450എക്‌സ് സ്‌കൂട്ടറുകൾക്ക് ഇനി ഏകദേശം 1.35 ലക്ഷം രൂപയിലായിരിക്കും എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുതിയ വില ഏഥർ എനർജി വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ​കേന്ദ്ര സർക്കാർ ഫെയിം 2 സബ്​സിഡികൾ പ്രഖ്യാപിച്ചതോടെ രാജ്യത്തെ പ്രമുഖ ഇ വി സ്​കൂട്ടർ നിർമാതാക്കളെല്ലാം ഉത്​പന്ന നിരയുടെ വില കുറയ്ക്കുമെന്നാണ്​ റിപ്പോർട്ടുകൾ.