അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന് എതിരെ അഴിമതി ആരോപണം; രണ്ടു കോടിയുടെ ഭൂമി 18 കോടിക്ക് വാങ്ങി

ലഖ്നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ മറവില്‍ കോടികളുടെ ഭൂമിയിടപാട് നടന്നവെന്ന ആരോപണവുമായി സമാജ്വാദി പാര്‍ട്ടിയും ആംഅദ്മി പാര്‍ട്ടിയും രംഗത്ത്. ഒരു സ്വകാര്യ വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി മിനിറ്റുകള്‍ക്കക്കുള്ളില്‍ 18 കോടി രൂപയ്ക്ക് ശ്രീരാമ ജന്മഭൂമി ട്രസ്റ്റിന് വിറ്റുവെന്നാണ് ആരോപണം. പ്രാദേശിക ബിജെപി നേതാക്കളുടെയും ട്രസ്റ്റ് അംഗങ്ങളുടെയും ഇടപെടലിലാണ് കോടികളുടെ തിരിമറി ഉണ്ടായതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് പവന്‍ പാണ്ഡെ ആരോപിച്ചു.

ഈ വര്‍ഷം മാര്‍ച്ചിലാണ് കേസിന് ആധാരമായ സംഭവം നടന്നതെന്നും 5.8 കോടിയോളം വിലവരുന്ന മൂന്നേക്കര്‍ ഭൂമി രണ്ട് കോടി രൂപയ്ക്ക് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വാങ്ങുകയും മിനിറ്റുകള്‍ക്കകം ഇതേ ഭൂമി 18.5 കോടി രൂപയ്ക്ക് രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് മറിച്ച് വില്‍ക്കുകയാണ് ചെയ്തതെന്നുമാണ് ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

അഴിമതിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ സമാജ്‌വാദി പാര്‍ട്ടി നേതാവായ പവന്‍ പാണ്ഡെ മാധ്യമങ്ങളെ കാണിക്കുകയും ചെയ്തു. പണം 17 കോടി രൂപ ആര്‍ടിജിഎസ് ആയി രവിമോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവരുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും പാണ്ഡെ ആരോപിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് നിഷേധേിച്ചു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് രാമക്ഷേത്രം നിര്‍മിക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കാനായി 2020 ഫെബ്രുവരിയിലാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് രൂപികരിച്ചത്.