കവരത്തി: ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധവുമായി ദ്വീപ് ജനത മുന്നോട്ട് പോവുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേല്‍ നാളെ ലക്ഷദ്വീപില്‍ എത്തും. തങ്ങളുടെ പ്രതിഷേധച്ചൂട് അറിയിക്കാന്‍ നാളെ കരിദിനമായി ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. നാളെ 12.30ന് അഗത്തിയിലെത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ഈ മാസം 20 വരെ ദ്വീപില്‍ തുടരും.
വിവിധ മേഖലയിലെ സ്വകാര്യവത്കരണം, ടൂറിസം അടക്കമുള്ള വിഷയങ്ങളില്‍ പ്രധാന തീരുമാനങ്ങള്‍ സന്ദര്‍ശനത്തില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. അഡ്മിനിസ്‌ട്രേറ്ററെ നേരില്‍ കണ്ട് പ്രതിഷേധം അറയിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം ശ്രമിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം, ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കേസ് നല്‍കിയതിനെ ചൊല്ലി, ബിജെപി ലക്ഷദ്വീപ് ഘടകത്തില്‍ പൊട്ടിത്തെറി തുടരുകയാണ്. കേസ് നല്‍കിയതിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാണ്.
കേസ് കൊടുത്തതിനെ ന്യായീകരിച്ച് എ പി അബ്ദുല്ലക്കുട്ടി ബിജെപി കമ്മിറ്റിയില്‍ നടത്തിയ സംഭാഷണം പുറത്ത് വന്നു. ബിജെപി ലക്ഷദ്വീപ് സംസ്ഥാന നേതാക്കളുമായി എ പി അബ്ദുല്ലക്കുട്ടി വാട്‌സാപ് വഴി നടത്തിയ മീറ്റിംഗിലെ സംഭാഷണമാണ് പുറത്ത് വന്നത്. ഐഷ സുല്‍ത്താനയ്‌ക്കെതിരെ കേസ് കൊടുക്കാനുള്ള തീരുമാനം നേതൃത്വം ആലോചനകളില്ലാതെ നടത്തിയതാണെന്നും ലക്ഷദ്വിപില്‍ പാര്‍ട്ടിയ്‌ക്കെതിരായ വികാരം ശക്തമാണെന്നും നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനം പുനപ്പരിശോധിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയെന്ന അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവനയിലും നേതാക്കള്‍ യോഗത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് മറുപടി നല്‍കിയ അബ്ദുല്ലക്കുട്ടി കേസ് പിന്‍വലിക്കാനാകില്ലെന്ന് നേതാക്കളെ അറിയിക്കുന്നുണ്ട്. അബ്ദുല്ലക്കുട്ടി നടത്തിയ ഈ മീറ്റിങിന് പിറകെയാണ് വിവിധ ദ്വിപുകളില്‍ നിന്ന് പ്രധാന ഭാരവാഹികളടക്കം കൂട്ടത്തോടെ രാജിവെച്ചത്.