ഇന്ത്യയിൽ നിന്നുള്ളവർക്കു ബഹ്‌റൈനിൽ തൊഴിൽ വിസയ്ക്കു നിരോധനം

മനാമ: കൊറോണ രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ തൊഴിൽ വിസ നൽകുന്നതിനു ബഹ്‌റൈൻ താൽക്കാലികമായി നിരോധനം ഏർപ്പെടുത്തി. രാജ്യത്തിന് പുറത്തുള്ളവർക്കാണ് നിരോധനം ബാധകമാവുക. കൊറോണ മഹാമാരിയെ അതിജീവിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് നിർദേശത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

ദേശീയ മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ അനുസരിച്ചാണ് റെഡ് ലിസ്റ്റ് രാജ്യങ്ങൾ ചേർക്കുകയോ നീക്കംചെയ്യുകയോ ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.2021 മെയ് 24 മുതൽ എല്ലാ വിമാനങ്ങളിലും ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം ബഹ്‌റൈൻ താൽക്കാലികമായി നിർത്തിവച്ചിരുന്നു. കഴിഞ്ഞയാഴ്ച, ബഹ്‌റയ്‌ന്റെ ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് ഫോർ കോംബോവൈറസ് മുൻകരുതൽ നടപടികൾ ജൂൺ 25 വരെ നീട്ടിയിരുന്നു. ഇതേത്തുടർന്ന് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായി.