രാജ്യത്തെ അസംഘടിത, കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വീഴ്ചവരുത്തി; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡെൽഹി : സംസ്ഥാനങ്ങളുമായി യോജിച്ച് രാജ്യത്തെ അസംഘടിത മേഖലയിലെയും കുടിയേറ്റ തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാർ വീഴ്ച വീഴ്ചവരുത്തിയെന്ന് സുപ്രീം കോടതി. വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, എം ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ച്.

2018 ല്‍ കുടിയേറ്റ‑അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സംഖ്യ 2.8 കോടിയെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. എന്നാല്‍ ഇത് സംബന്ധിച്ച വിവര ശേഖരണത്തില്‍ സര്‍ക്കാര്‍ അലംഭാവമാണ് കാണിക്കുന്നത്. ഈ വിഭാഗത്തിന്റെ ഡേറ്റാ ബേസ് പരിഷ്ക്കരിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് കോടതി വിമര്‍ശിച്ചു. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ക്ഷേമപദ്ധതികള്‍ക്ക് രജിസ്‌ട്രേഷന്‍ വേണം. എന്നാല്‍ ഈ വിഭാഗത്തിനു അതില്ലാത്തുമൂലം സാമൂഹ്യ സുരക്ഷാ നിയമ പ്രകാരമുള്ള അവകാശങ്ങള്‍ നഷ്ടമാകുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കണമെന്നും കോടതി നിരീക്ഷിച്ചു. റേഷന്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ എവിടെയായാലും രാജ്യത്തെവിടെയും റേഷന്‍ ലഭിക്കാന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇതിലൂടെ സാധ്യമാക്കുമെന്ന് കോടതി നിരീക്ഷിച്ചു.