രാജ്യത്ത് പുതിയ കൊറോണ കേസുകളില്‍ കുറവ്; 84,332 രോഗികള്‍; മരണം 4002

ന്യൂഡെല്‍ഹി: ആശ്വാസം പകര്‍ന്ന് രാജ്യത്തെ കൊറോണ കണക്കുകള്‍.കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 70 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആകെ 2,93,59,155 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 1,21,311 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായി. 4.93 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണ സംഖ്യയില്‍ കാര്യമായ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,002 മരണങ്ങളാണ് കൊറോണയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 3,67,081 ആയി ഉയര്‍ന്നു. ഗുരുതരമായ ആവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം ഉയര്‍ന്ന തോതില്‍ തുടരുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണം.

രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,311 പേര്‍ രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊറോണ മുക്തി നേടിയവരുടെ ആകെ എണ്ണം 2,79,11,384 ആയി. 10,80,690 സജീവ കേസുകളാണ് നിലവിലുള്ളത്.

ഇതിനിടെ 24,96,00,304 പേര്‍ കൊറോണ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൊറോണ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ച ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ തുടരുകയാണ്.